ചെന്നൈ: എ.ഐ.എ.ഡി.എം.കെ. ഉന്നത പദവികളായ കോ-ഓർഡിനേറ്റർ, ജോയിന്റ് കോ-ഓർഡിനേറ്റർ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴിന് നടക്കും. ഇരട്ടനേതൃത്വത്തെ നിയമിക്കുന്നതുസംബന്ധിച്ച് ബുധനാഴ്ച ചട്ടഭേദഗതി വരുത്തിയതിനുപിന്നാലെയാണ് തിരഞ്ഞെടുപ്പു പ്രഖ്യാപനം. നേരത്തെ പാർട്ടി ജനറൽ കൗൺസിലാണ് ഉന്നതാധികാരികളെ തിരഞ്ഞെടുത്തിരുന്നത്. പുതിയ ഭേദഗതി പ്രകാരം പാർട്ടി പ്രാഥമികാംഗങ്ങൾ ഒറ്റവോട്ടിന് ഇരട്ട നേതൃത്വത്തെ തിരഞ്ഞെടുക്കും. ഇതാദ്യമായാണ് എ.ഐ.എ.ഡി.എം.കെ. ഇരട്ടനേതൃത്വത്തെ തിരഞ്ഞെടുപ്പിലൂടെ നിയമിക്കുന്നത്.

നിലവിൽ ഒ. പനീർശെൽവം പാർട്ടിയുടെ കോ-ഓർഡിനേറ്ററും എടപ്പാടി പളനിസ്വാമി ജോയിന്റ് കോ-ഓർഡിനേറ്ററുമാണ്. ഇവർക്കുമിടയിൽ അസ്വാരസ്യങ്ങളുണ്ടെങ്കിലും ഒറ്റക്കെട്ടായാണ് കളത്തിലിറങ്ങുന്നത്. വെള്ളിയാഴ്ച ഇവർ പത്രിക സമർപ്പിക്കുമെന്നാണ് കരുതുന്നത്. ഇവർക്കെതിരേ മറ്റു മത്സരാർഥികൾ രംഗത്തുവരാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. മറ്റാരെങ്കിലും പത്രികസമർപ്പിച്ചാൽ തിരഞ്ഞെടുപ്പിന്റെ ഗതിമാറും. അഥവാ മറ്റാരും മത്സരിക്കുന്നില്ലെങ്കിൽ അഞ്ചിനുതന്നെ ഇവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.

നാമനിർദേശപത്രിക സമർപ്പണം മൂന്നിനും നാലിനും നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാനദിവസം ഏഴാണ്. അഥവാ തിരഞ്ഞെടുപ്പ് ആവശ്യമായാൽ ഏഴിന് നടത്തി എട്ടിന് ഫലം പ്രഖ്യാപിക്കത്തക്ക വിധത്തിലാണ് ക്രമീകരണം. മുൻ മന്ത്രിമാരായ സി. പൊന്നയ്യനും പൊള്ളാച്ചി ജയരാമനുമാണ് വരണാധികരികൾ. സാധാരണഗതിയിൽ എ.ഐ.എ.ഡി.എം.കെ. സംഘടനാതിരഞ്ഞെടുപ്പുകൾ നടക്കുക ആദ്യം താഴേത്തട്ടിലുള്ള പദവികളിലേക്കാണ്. ഇതിനു ശേഷമാണ് ജനറൽസെക്രട്ടറി തിരഞ്ഞെടുപ്പ്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം ജനറൽ സെക്രട്ടറി സ്ഥാനത്ത് താത്കാലികമായി വി.കെ. ശശികല നിയമിക്കപ്പെട്ടുവെങ്കിലും അനധികൃത സ്വത്തുകേസിൽ ജയിലിലായതോടെ ഒഴിവുവന്നു. തുടർന്ന് പാർട്ടിയിൽ വിള്ളൽ ശക്തമാവുകയും പനീർശെൽവം വിമതപക്ഷത്ത്‌ നിലയുറപ്പിക്കുകയും ചെയ്തു. എടപ്പാടി പളനിസ്വാമി പക്ഷവുമായി പനീർശെൽവം വിഭാഗം ലയിച്ചതോടെ ജനറൽ സെക്രട്ടറിപദവി ഒഴിവാക്കി. പിന്നീട് കോ-ഓർഡിനേറ്ററും ജോയിന്റ് കോർഡിനേറ്ററും ഉന്നത പദവികളാക്കി നിലനിർത്തി. എ.ഐ.എ.ഡി.എം.കെ. തിരിച്ചുപിടിക്കുമെന്നും എം.ജി.ആറിന്റെയും ജയലളിതയുടെയും സുവർണകാലം വരുമെന്നും ശശികല ഇപ്പോഴും അവകാശപ്പെടുന്നു. പാർട്ടിയിലേക്കുവരാനുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തി. ഇതിനെ പ്രതിരോധിക്കുകയാണ് എ.ഐ.എ.ഡി.എം.കെ. നേതൃത്വത്തിനുമുന്നിലെ പ്രധാന വെല്ലുവിളി. അതുകൊണ്ടുതന്നെയാണ് പടലപ്പിണക്കങ്ങൾ മാറ്റിവെച്ച് പനീർശെൽവവും പളനിസ്വാമിയും സുപ്രധാനപദവികളിലേക്ക് തോളോടുതോൾ ചേരുന്നതും. ഇവർക്കെതിരേ പാർട്ടിയിൽനിന്നും മറ്റൊരു ജോഡി തലപൊക്കാനുള്ള സാധ്യതകളും വിരളമാണ്.