ന്യൂഡൽഹി: ഒ.ടി.ടി. (ഓവർ ദ ടോപ്പ്) പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കത്തെക്കുറിച്ചു പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതു പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് അയച്ചതായും വാർത്താവിതരണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ.

ഒ.ടി.ടി. പരിപാടികളെക്കുറിച്ച് കഴിഞ്ഞ രണ്ടു വർഷത്തിനിടെ ലഭിച്ച പരാതികളെത്ര എന്ന ലോക്‌താന്ത്രിക് ജനതാദൾ അംഗം എം.വി. ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിനാണ് രാജ്യസഭയിൽ സർക്കാർ ഉത്തരം നൽകിയത്. ഒ.ടി.ടി. ഉള്ളടക്കം സംബന്ധിച്ചവ കൈകാര്യം ചെയ്യുന്നത് ഈവർഷത്തെ ഐ.ടി. ചട്ടത്തിലെ എത്തിക്സ് കോഡ് അനുസരിച്ചാണ്. ഇതു പരിഷ്കരിക്കാനുള്ള നിർദേശങ്ങളൊന്നും സർക്കാരിന് മുന്നിലില്ലെന്ന് മന്ത്രി അറിയിച്ചു.

ടെലിവിഷൻ റേറ്റിങ് ഏജൻസികളുടെ മാർഗനിർദേശങ്ങൾ പരിഷ്കരിക്കാൻ പ്രസാർഭാരതി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ചെയർമാനായി സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും ഇവരുടെ നിർദേശങ്ങൾ ബന്ധപ്പെട്ടവർക്കെല്ലാം അയച്ചതായും മന്ത്രി വ്യക്തമാക്കി.