മുംബൈ: ദേശീയ ഗാനത്തോട് അനാദരവ് കാണിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് മുംബൈ പോലീസിന് പരാതി നൽകി. മമതയുടെ നടപടിയിൽ ബി.ജെ.പി.യുടെ ദേശീയ, സംസ്ഥാന നേതാക്കൾ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.

മുംബൈ സന്ദർശിക്കുന്ന മമതാ ബാനർജി ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെ ദേശീയഗാനം ആലപിച്ചിരുന്നു. ഇരുന്നുകൊണ്ട് ആലാപനം തുടങ്ങിയ മമത പിന്നീട് എഴുന്നേറ്റെങ്കിലും നാലുവരി പാടി അപൂർണമായി അവസാനിപ്പിച്ച് ജയ് മറാഠാ, ജയ് ബംഗ്ലാ ജയ് ഭാരത് എന്ന് മുദ്രാവാക്യം വിളിക്കുകയാണുണ്ടായത്. ഇരുന്നുകൊണ്ട് ആലപിക്കുന്നതും അപൂർണമായി നിർത്തുന്നതും ദേശീയ ഗാനത്തോടുള്ള അനാദരവാണെന്ന് കാണിച്ചാണ് ബി.ജെ.പി. മുംബൈ ഘടകത്തിന്റെ സെക്രട്ടറി വിവേകാനന്ദ് ഗുപ്ത മുംബൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. മമതയ്ക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും ഇമെയിൽ സന്ദേശത്തിൽ ഗുപ്ത ആവശ്യപ്പെട്ടു.

മമതയുടെ ദേശീയ ഗാനാലാപനത്തിന്റെ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് ബി.ജെ.പി. നേതാക്കൾ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. പശ്ചിമ ബംഗാളിന്റെ സംസ്കാരത്തെതന്നെ മമത അവഹേളിച്ചിരിക്കുകയാണെന്ന് ബി.ജെ.പി. പശ്ചിമ ബംഗാൾ ഘടകം കുറ്റപ്പെടുത്തി. ഔദ്യോഗിക പദവികളിലിരിക്കുന്നവർ ദേശീയ ഗാനത്തെ അവഹേളിക്കുന്നത് അപലപനീയമാണെന്ന് ബി.ജെ.പി. നേതാവ് അമിത് മാളവ്യ പറഞ്ഞു.