ബെംഗളൂരു: കർണാടകത്തിൽ സർക്കാർ എൻജിനിയറിങ് കോളേജുകളിലെ ഫീസ് 2021-22 അധ്യയനവർഷം 10,000 രൂപ വർധിപ്പിച്ചു. ഫീസ് ഘടനയിൽ ‘മറ്റുള്ള ഫീസ്’ എന്ന പേരിലാണ് 10,000 രൂപ കൂട്ടിച്ചേർത്തത്. ഇതോടെ വാർഷിക ഫീസ് 33,810 രൂപയായി ഉയർന്നു.

ഫീസ് വർധിപ്പിച്ചതിൽ വ്യാപക പ്രതിഷേധമുയർന്നു. കോവിഡ് മഹാമാരിയെ തുടർന്നുള്ള സാമ്പത്തികപ്രതിസന്ധിക്കിടെ ഫീസ് ഉയർത്തിയത് ഇരട്ടിഭാരമാണെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഫീസ് വർധിപ്പിച്ചതിൽ പ്രതിഷേധം സംഘടിപ്പിക്കാൻ വിദ്യാർഥിസംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, കുറച്ചുവർഷങ്ങളായി സർക്കാർ എൻജിനിയറിങ് കോളേജുകളിൽ ഫീസ് ഉയർത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ക്ലാസ്‌മുറികൾ നവീകരിക്കാനും മികച്ച ലാബുകളും ഉപകരണങ്ങളും ഒരുക്കുന്നതിനും ഫീസ് വർധന അനിവാര്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സ്വകാര്യ എൻജിനിയറിങ് കോളേജുകളിൽ നിലവിലെ അധ്യയനവർഷം ഫീസ് വർധിപ്പിക്കില്ലെന്ന് സ്വകാര്യ കോളേജ് മാനേജ്‌മെന്റുകളുമായി സർക്കാർ ധാരണയിലെത്തിയിട്ടുണ്ട്.