മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തിക്ക് മുംബൈയിലെ പ്രത്യേകകോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു. മൂന്നുമാസത്തോളം ജയിലിൽ കിടന്ന ശേഷമാണ് ഷോവിക് പുറത്തിറങ്ങുന്നത്. സുശാന്തിന്റെ വീട്ടിലെ ജോലിക്കാരായിരുന്ന സാമുവൽ മിരാൻഡയ്ക്കും ദീപേഷ് സാവന്തിനുമൊപ്പം സെപ്റ്റംബർ നാലിനാണ് ഷോവിക് അറസ്റ്റിലായത്. ഇതിനുമുമ്പ് മൂന്നുതവണ ഷോവിക് ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതികൾ അത് തള്ളുകയായിരുന്നു.
ഷോവിക്കിന് പിന്നാലെ അറസ്റ്റിലായ റിയ ചക്രവർത്തിക്ക് ബോംബെ ഹൈക്കോടതി ഒക്ടോബർ ഏഴിന് ജാമ്യം നൽകിയെങ്കിലും ഷോവിക്കിന് ജാമ്യം ലഭിച്ചിരുന്നില്ല. മയക്കുമരുന്ന് ഇടപാടുകാരുമായി ഷോവിക്കിന് ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് പറഞ്ഞായിരുന്നു ജാമ്യം നിഷേധിച്ചത്.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലാവുന്ന പ്രതികൾ അന്വേഷണോദ്യോഗസ്ഥർക്ക് നൽകുന്ന മൊഴി തെളിവായി സ്വീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി അടുത്തിടെ വിധിച്ചിരുന്നു. ഇതു ചൂണ്ടിക്കാണിച്ചാണ് മയക്കുമരുന്നുകേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേകകോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചത്. ബാന്ദ്രയിലെ വസതിയിൽ ജൂൺ 14-ന് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് ഉത്തരവാദി കൂട്ടുകാരി റിയാ ചക്രവർത്തിയാണെന്ന് കാണിച്ച് സുശാന്തിന്റെ അച്ഛൻ കെ.കെ. സിങ് പട്‌ന പോലീസിനു പരാതി നൽകിയിരുന്നു. പരാതിയിൽ സി.ബി.ഐ. അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടിനെക്കുറിച്ച് എൻ.സി.ബി. അന്വേഷണമാരംഭിച്ചത്. റിയാ ചക്രവർത്തിയുടെ വാട്‌സാപ്പ് സന്ദേശങ്ങളിൽ മയക്കുമരുന്നുകളെപ്പറ്റിയുള്ള പരാമർശം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഈ വഴിക്ക് നീങ്ങിയത്.