ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ രാഷ്ട്രീയസത്യസന്ധതയില്ലാതെ കർഷകരെ പിന്നിൽനിന്നു കുത്തിയതായി കോൺഗ്രസ് കുറ്റപ്പെടുത്തി. രാജ്യത്ത് ബി.ജെ.പി. സർക്കാരിനു പകരം കമ്പനി ഭരണമാണുള്ളതെന്നും രാഷ്ട്രീയത്തട്ടിപ്പും ചൂഷണവും നടത്തുന്നതിനുപകരം സർക്കാർ മൂന്നു കാർഷികനിയമങ്ങളും റദ്ദാക്കണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു.
‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ പോരാട്ടത്തിന്റെ ഭാഗമാണ് ഒരാഴ്ചയായി രാജ്യത്തെ കർഷകർ. രാജ്യത്തിന്റെ മണ്ണിൽ നീതി ആവശ്യപ്പെട്ട് കർഷകത്തൊഴിലാളിയുടെ ആത്മാവ് വിലപിക്കുന്നു. കാർഷിക കളപ്പുരകളും അന്നദാതാക്കളും തങ്ങളുടെ അവകാശങ്ങൾ ആവശ്യപ്പെടുമ്പോൾ മോദിസർക്കാർ അവരെ മുറിവേൽപ്പിക്കുകയാണ്.
റോഡുകൾ കുഴിച്ചും ഇരുമ്പുവേലി കെട്ടിയും മൺതിട്ടകൾ നിർമിച്ചും കൊടുംശൈത്യത്തിലും ജലപീരങ്കിയും തോക്കുകളുടെ ബയണറ്റും പ്രയോഗിച്ചും പോലീസും സൈനികരും കർഷകരെ മർദിക്കുന്നു. കർഷകരെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതാണോ മഹാത്മാഗാന്ധിയുടെ ഇന്ത്യ? ബി.ജെ.പി. സർക്കാർ ഒരുപിടി വ്യവസായികളുടേതോ, 130 കോടി ജനങ്ങളുടേതോ? കേന്ദ്രത്തിന്റെ നീതിന്യായം മുതലാളിമാരുടെ ഖജനാവുകളുടെ അടിമയോ അതോ രാജ്യത്തിന്റെ ഭരണഘടനയുടേതോ? ഓരോ ഇന്ത്യക്കാരനും ഈ ചോദ്യങ്ങൾ ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’’ -സുർജേവാല പറഞ്ഞു.
കാർഷികനിയമം മോദിയുടെ സുഹൃത്തുക്കൾക്കായി -രാഹുൽ
കാർഷിക നിയമം നരേന്ദ്രമോദിയുടെ സുഹൃത്തുക്കളുടെ വരുമാനം നാലിരട്ടിയും കർഷകരുടേത് പകുതിയും ആക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘കർഷകർക്കെതിരേയുള്ള കാപട്യം നിർത്തുക, കള്ളത്തരവും ചൂഷണവും നിർത്തുക, സംഭാഷണക്കസർത്തുകൾ നിർത്തുക, കർഷക വിരുദ്ധ കരിനിയമങ്ങളെല്ലാം റദ്ദാക്കുക’ -രാഹുൽ ട്വീറ്റ് ചെയ്തു.