ന്യൂഡൽഹി: ഭരണ-രാഷ്ട്രീയ പ്രതിസന്ധിയായി വളരുന്ന കർഷകസമരത്തിനു ചൊവ്വാഴ്ച നടക്കുന്ന മൂന്നാംവട്ട ചർച്ചയിൽ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാരും ബി.ജെ.പി.യും. എന്നാൽ, മൂന്നുനിയമങ്ങളും പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലന്ന ഉറച്ച നിലപാടിലാണ് കർഷകസംഘടനകൾ. ഡൽഹി-ഹരിയാണ അതിർത്തികൾക്കുപുറമേ ബുധനാഴ്ച ഡൽഹി-ഉത്തർപ്രദേശ് അതിർത്തികളിലേക്കും സമരം വ്യാപിപ്പിച്ച് സംഘടനകൾ സമ്മർദം ശക്തമാക്കി.
സമരം ഏഴുദിവസം പിന്നിടുമ്പോഴും പ്രശ്നപരിഹാരത്തിനുള്ള സമവാക്യം രൂപപ്പെട്ടിട്ടില്ല. രണ്ടുതവണ പരാജയപ്പെട്ട അനുരഞ്ജന ചർച്ചകൾ വ്യാഴാഴ്ച വീണ്ടും നടക്കുമ്പോൾ സർക്കാർ സ്വീകരിക്കുന്ന സമീപനമായിരിക്കും നിർണായകം. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാനിടയില്ല. സംഘടനകൾ ഉന്നയിക്കുന്ന ചില ഭേദഗതികൾ ഉൾപ്പെടുത്തി നിയമം പുതുക്കാമെന്നു പറഞ്ഞേക്കും. താങ്ങുവില സംവിധാനം തുടരുമെന്ന ഉറപ്പ് രേഖാമൂലം നൽകാമെന്നും അറിയിക്കും. നിയമങ്ങളെക്കുറിച്ചുള്ള എതിർപ്പുകൾ സംഘടനകൾ രേഖാമൂലം നൽകും.
ബംഗാൾ ഉൾപ്പെടെ അഞ്ചുസംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ പ്രശ്നം രാഷ്ട്രീയവിഷയമായി വളരുന്നതിലുള്ള ആശങ്ക ബി.ജെ.പി.ക്കുണ്ട്. അതിനാൽ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിനുള്ളത്. മാത്രമല്ല, വിളവെടുപ്പ് കഴിയുന്നതോടെ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ കർഷകർ സമരരംഗത്തെത്തും. അതിർത്തികൾ അടഞ്ഞതുമൂലം ഡൽഹിയിൽ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും വിലക്കയറ്റവും രൂക്ഷമായിട്ടുണ്ട്. ഇക്കാര്യവും സർക്കാരിനു പരിഗണിക്കേണ്ടി വരും.
മോദിസർക്കാർ കർഷകവിരുദ്ധമാണെന്ന പ്രചാരണം പാർട്ടിയുടെ പഞ്ചാബിലെ വളർച്ചയെ ബാധിക്കുമെന്ന് സംസ്ഥാനനേതാക്കൾ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. സഖ്യകക്ഷിയായ ശിരോമണി അകാലിദൾ വിട്ടുപോയതോടെ ഇവിടെ ബി.ജെ.പി.യുടെ സാന്നിധ്യം ദുർബലമായി. ഈ സാഹചര്യത്തിൽ കർഷകരെ പിണക്കുന്നത് കൂടുതൽ ക്ഷീണമുണ്ടാക്കുമെന്ന് നേതാക്കൾ വിലയിരുത്തുന്നു.
ഹരിയാണയിൽ ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ജെ.ജെ.പി.യെയും സമരം സമ്മർദത്തിലാഴ്ത്തിയിട്ടുണ്ട്. ജെ.ജെ.പി. സഖ്യംവിട്ടാൽ ഹരിയാണയിൽ ബി.ജെ.പി. സർക്കാർ താഴെവീഴും. പ്രശ്നം ഉടൻ പരിഹരിക്കണമെന്നാണ് ജെ.ജെ.പി. നേതാവ് അജിത് സിങ് ചൗട്ടാല കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.