ബെംഗളൂരു: കർണാടകത്തിൽ ബസവരാജ് ബൊമ്മെ മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകുമെന്നതിൽ അനിശ്ചിത്വം തുടരുന്നു. മന്ത്രിസഭാംഗങ്ങളുടെ സാധ്യതാപട്ടികയുമായി മുഖ്യമന്ത്രി ഡൽഹിയിലെത്തി ദേശീയനേതാക്കളുമായി ചർച്ച നടത്തി.

മന്ത്രിസഭാ രൂപവത്കരണം ബുധനാഴ്ച നടത്താനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഡൽഹിയിൽ പറഞ്ഞു. ‘‘മന്ത്രിമാരുടെ അന്തിമപട്ടികയ്ക്ക് ദേശീയനേതൃത്വം ചൊവ്വാഴ്ച അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ മന്ത്രിസഭാവികസനം ബുധനാഴ്ച നടക്കും’’. മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പാർട്ടി ദേശീയഅധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ചർച്ചനടത്തിയാണ് മന്ത്രിമാരുടെ പട്ടിക തയ്യാറാക്കുന്നത്. മന്ത്രിസഭാവികസനം ഘട്ടംഘട്ടമായി വേണോ ഒന്നിച്ചുവേണോയെന്ന കാര്യവും ചർച്ചയിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകുന്നരീതിയിലായിരിക്കും മന്ത്രിമാരെ നിശ്ചയിക്കുക.

മന്ത്രിസഭാംഗങ്ങളുടെ പട്ടിക തയ്യാറാക്കാൻ ദേശീയനേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം തയ്യാറാക്കിയ പട്ടികയുമായാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്.

അതിനിടെ, കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യസർക്കാരിൽനിന്നും രാജിവെച്ചെത്തിയവർക്കെല്ലാം മന്ത്രിസ്ഥാനം ലഭിച്ചേക്കില്ലെന്ന് മുതിർന്ന നേതാവും മുൻമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ പറഞ്ഞു. മന്ത്രിസഭയിൽ പുതിയ മുഖങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.