ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ ഗോഗ്രയിലും ഹോട്ട്‌ സ്‌പ്രിങ്സിലും തുടരുന്ന തർക്കം പരിഹരിക്കാൻ ഇരുരാജ്യവും നടത്തിയ 12-ാം കോർ കമാൻഡർതല കൂടിക്കാഴ്ച ഗുണകരമെന്ന് സേന. കിഴക്കൻ ലഡാക്കിൽ അവശേഷിക്കുന്ന പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്നും ചർച്ചയോടെ പരസ്പരധാരണ മെച്ചപ്പെട്ടെന്നും ഇരുരാജ്യങ്ങളും സംയുക്തമായി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഗോഗ്രയിലും ഹോട്ട്‌ സ്‌പ്രിങ്സിലും നിന്ന് സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും ധാരണയിലെത്താനായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രസ്താവന.

അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനും സമാധാനം നിലനിർത്തുന്നതിനും സംയുക്ത ശ്രമങ്ങൾ തുടരാൻ ഇരുപക്ഷവും തീരുമാനിച്ചുവെന്ന് പ്രസ്താവനയിൽ പറയുന്നു. മേജർ ജനറൽ തലത്തിലുള്ള മറ്റൊരു ചർച്ച ഉടൻ നടത്തുമെന്ന് സൈന്യം നേരത്തേ വ്യക്തമാക്കിയിരുന്നു.

ചുഷൂൽ-മോൾഡോ അതിർത്തിയിൽ ശനിയാഴ്ചനടന്ന ചർച്ച ഒമ്പതുമണിക്കൂറോളം നീണ്ടു. ജൂലായ് 25-ന് താജിക്കിസ്താനിലെ ദുഷാൻബെയിൽ നടന്ന ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കും ജൂൺ 25-ന് നടന്ന ഇന്ത്യ-ചൈന അതിർത്തികാര്യങ്ങളുടെ കൂടിയാലോചനയ്ക്കും ഏകോപനത്തിനും വേണ്ടിയുള്ള കർമസമിതിയുടെ 22-ാം യോഗത്തിനും ശേഷം നടന്ന ചർച്ചയാണിത്.

2020 മേയിൽ തുടങ്ങിയതാണ് കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷം. പലവട്ടമുള്ള ചർച്ചകൾക്കുശേഷം പാംഗോങ് തടാകത്തിന്റെ വടക്ക്, തെക്ക് കരകളിലെ സൈനികപിന്മാറ്റം പൂർത്തിയായശേഷം കഴിഞ്ഞ ഫെബ്രുവരിമുതൽ രണ്ടാംഘട്ട സൈനികപിന്മാറ്റത്തിനുള്ള ശ്രമങ്ങൾ തുടരുകയാണ്.