മുംബൈ: പ്രശസ്ത ചലച്ചിത്രനിരൂപകൻ റഷീദ് ഇറാനി (74) അന്തരിച്ചു. തനിച്ചു താമസിക്കുകയായിരുന്ന ഇറാനിയുടെ മൃതദേഹം മുംബൈയിലെ വീട്ടിൽ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്.

ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന റഷീദ്, പ്രിൻസ് സ്ട്രീറ്റിലെ ബാർബോൺ എന്ന ഇറാനി റെസ്റ്റോറന്റിന്റെ ഉടമകളിൽ ഒരാളായിരുന്നു. പകൽസമയം ഹോട്ടലിലും വൈകുന്നേരങ്ങളിൽ സിനിമാ ചർച്ചകളിലും മുഴുകിയായിരുന്നു ജീവിതം. ലോക സിനിമകളെ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിയവരിൽ പ്രധാനിയായിരുന്ന ഇറാനിയുടെ ലേഖനങ്ങൾ ഇംഗ്ളീഷ് ദിനപത്രങ്ങളിലും ഓൺലൈനിലും പതിവായി വരുമായിരുന്നു.

മുംബൈ പ്രസ് ക്ലബ്ബിന്റെ മീഡിയസെന്ററിലെ പതിവുസന്ദർശകനായിരുന്ന ഇറാനിയെ വെള്ളിയാഴ്ചമുതൽ കണ്ടിരുന്നില്ലെന്ന് കൂട്ടുകാർ പറഞ്ഞു. രണ്ടുദിവസം കാത്തിരുന്ന ശേഷം തിങ്കളാഴ്ച പോലീസിന്റെ സഹായത്തോടെ വീട്ടീൽ പരിശോധന നടത്തുകയായിരുന്നു. കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന ഇറാനി വെള്ളിയാഴ്ച കുളിക്കുന്നതിനിടെ ഹൃദയാഘാതംവന്ന് മരിച്ചതാണെന്നാണ് കരുതുന്നത്.