ന്യൂഡൽഹി: എസ്.എൻ.സി. ലാവലിൻ കേസ് സുപ്രീംകോടതി ഈമാസം പത്തിന് പരിഗണിക്കും. 2017-ൽ സുപ്രീംകോടതിയിലെത്തിയശേഷം 28 തവണ മാറ്റിവെച്ച കേസാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാൻ പോകുന്നത്. മാറ്റിവെക്കാൻ ഇനി ആവശ്യപ്പെടരുതെന്ന് ഏപ്രിൽ ആറിന് കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ലാവലിൻ കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികളുടെ ഹർജിയും സുപ്രീംകോടതിയിലുണ്ട്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.