മുംബൈ: ഇലക്‌ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കിയുള്ള പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനം ഇ-റുപ്പി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ചു. രാജ്യത്തെ ഡിജിറ്റൽ പേമെന്റ് ശൃംഖലയ്ക്ക് പുതിയ മുഖം നൽകുന്നതാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

പണരഹിതവും സമ്പർക്കരഹിതവുമായ ഈസംവിധാനത്തിൽ ക്യൂ.ആർ. കോഡ് അല്ലെങ്കിൽ എസ്.എം.എസ്. സ്ട്രിങ് രൂപത്തിൽ പ്രീപെയ്‌ഡ് ഇ-വൗച്ചർ ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേക്ക് നേരിട്ടുകൈമാറുകയാണ് ചെയ്യുക. പ്രത്യേക ഉദ്ദേശ്യം മുൻനിർത്തി അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ഒട്ടും ചോർന്നുപോകാതെ നേരിട്ടെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌.പി.സി.ഐ.) അതിന്റെ യു.പി.ഐ. പ്ലാറ്റ്ഫോമിൽ ധനകാര്യ സേവനവകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. തുടക്കത്തിൽ ആരോഗ്യസേവനരംഗത്ത് ലഭ്യമാകുന്ന ഇ-റുപ്പി വൈകാതെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും.

*സേവനങ്ങളുടെ സ്പോൺസർമാരെ ഗുണഭോക്താക്കളുമായും സേവന ദാതാക്കളുമായും ഡിജിറ്റൽ രീതിയിൽ നേരിട്ടുബന്ധിപ്പിക്കുന്നതാണ് സംവിധാനം. ബന്ധപ്പെട്ട സേവനകേന്ദ്രത്തിൽ പണത്തിനുപകരം ഇ-റുപ്പി വൗച്ചർ നൽകിയാൽ മതിയാകും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളോ മൊബൈൽ ആപ്പോ ഇന്റർനെറ്റ് ബാങ്കിങ്ങോ ഇല്ലാതെ ഇതുസ്വീകരിക്കുന്ന കേന്ദ്രങ്ങളിൽ ഇ-റുപ്പി വൗച്ചർ മാറ്റിയെടുക്കാം.

*സർക്കാരിനുമാത്രമല്ല, കോർപ്പറേറ്റുകൾക്കോ പൊതു സ്ഥാപനത്തിനോ സംഘടനയ്ക്കോ ചികിത്സയ്ക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റുമായി ആർക്കെങ്കിലും സഹായം നൽകുന്നതിന് പണത്തിനുപകരമായി ഇ-റുപ്പി ഉപയോഗിക്കാം. സ്ഥാപനങ്ങൾക്ക് ജീവനക്കാരുടെ ക്ഷേമത്തിനും സി.എസ്.ആർ. പരിപാടികൾക്കും ഇത് പ്രയോജനപ്പെടുത്താം. നൽകുന്ന പണം കൃത്യമായ ആവശ്യങ്ങൾക്കുപയോഗിക്കുന്നുവെന്ന് ഇതുവഴി ഉറപ്പാക്കാം.

*ഇ-റുപ്പി വൗച്ചർ ലഭിക്കാനായി കോർപ്പറേറ്റ് അല്ലെങ്കിൽ സർക്കാർ ഏജൻസികൾക്ക് പാർട്‌ണർ ബാങ്കുകളെ സമീപിച്ച്, നിർദിഷ്ട വ്യക്തികളുടെ വിശദാംശങ്ങളും ഉദ്ദേശ്യവും ബാങ്കിൽ അറിയിച്ചാൽ മതി. ഗുണഭോക്താവിന്റെ പേരിൽ സേവനദാതാവ് ബാങ്കുവഴി അനുവദിച്ച വൗച്ചർ അവരുടെ മൊബൈൽ ഫോണിലേക്ക് കൈമാറാം.

*മാതൃ-ശിശു ക്ഷേമപദ്ധതികൾ, ക്ഷയരോഗ നിർമാർജനപരിപാടികൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്സിഡികൾ, മരുന്നുകളും പോഷകാഹാരപിന്തുണയും നൽകുന്ന പദ്ധതികൾക്കുകീഴിലുള്ള സേവനങ്ങൾ തുടങ്ങിയവ നൽകാനും ഇ-റുപ്പി ഉപയോഗിക്കാം.