ശ്രീനഗർ: ഭീകരവിരുദ്ധനിയമം ചുമത്തി നിരപരാധികളായ കശ്മീരികളെ കൊല്ലങ്ങളോളം തടവിൽ പാർപ്പിക്കുമ്പോൾ, ഭീകരർക്കൊപ്പം യാത്രചെയ്യുന്നതിനിടെ പിടിയിലായ ജമ്മുകശ്മീർ മുൻ പോലീസ് ഓഫീസർ ദേവീന്ദർ സിങ്ങിനെ സർക്കാർ വെറുതെവിട്ടെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആരോപിച്ചു.

സർക്കാരിന് ഇവിടെ ഇരട്ടത്താപ്പാണ്. നിരപരാധികളാണെന്ന് തെളിയിക്കുംവരെ കശ്മീരികളെ കുറ്റവാളികളായിട്ടാണ് കാണുന്നതെന്നും അവർ പറഞ്ഞു.

സിങ്ങിനെ ഡെപ്യൂട്ടി സൂപ്രണ്ട് സ്ഥാനത്തുനിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള മേയ് 20-ലെ സർക്കാർ ഉത്തരവിന്റെ പകർപ്പ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് അവരുടെ പ്രതികരണം. ഭരണഘടനയുടെ 311-ാം അനുച്ഛേദപ്രകാരമാണ് ഇയാൾക്കെതിരേ നടപടിയെടുത്തതെന്ന് ഉത്തരവിൽ പറയുന്നു. ഇതനുസരിച്ച് അന്വേഷണം കൂടാതെതന്നെ ഒരാളെ സർക്കാർ സർവീസിൽനിന്ന്‌ പിരിച്ചുവിടാം. ഹൈക്കോടതിയിൽ മാത്രമേ ഈ തീരുമാനത്തെ ചോദ്യം ചെയ്യാനാവൂ.

സാധാരണക്കാരായ കശ്മീരികൾക്ക് വിചാരണതന്നെ ശിക്ഷയാകുമ്പോൾ, ഭീകരർക്കൊപ്പം പിടിയിലായ പോലീസുകാരനെതിരേ അന്വേഷണത്തിനുപോലും കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറഞ്ഞു.

കഴിഞ്ഞകൊല്ലം ജനുവരിയിലാണ് ഹിസ്ബുൾ മുജാഹിദീൻ ഭീകരർക്കൊപ്പം സിങ് ജമ്മുകശ്മീർ പോലീസിന്റെ പിടിയിലായത്. സിങ്ങിനും മറ്റ് എട്ടുപേർക്കുമെതിരേ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം നൽകിയിരുന്നു. ഭീകരർക്ക് സ്വന്തം വാഹനത്തിൽ ഇയാൾ സുരക്ഷിത യാത്രയൊരുക്കിയെന്നും ആയുധങ്ങൾ ശേഖരിക്കാൻ സഹായം നൽകിയെന്നും കുറ്റപത്രത്തിലുണ്ട്.