ബെംഗളൂരു: കേരളത്തിൽനിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് കേരള ആർ.ടി.സി. ബസ് സർവീസുകളെയും ബാധിച്ചു. യാത്രക്കാർ കുറഞ്ഞതിനാൽ തിങ്കളാഴ്ച കോഴിക്കോട്ടേക്കുള്ള മൂന്നു ബസുകൾ റദ്ദാക്കി. ചൊവ്വാഴ്ചയും കൂടുതൽ ബസുകൾ റദ്ദാക്കിയേക്കും. കേരളത്തിലെ വിവിധ ഡിപ്പോകളിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ബസുകളും യാത്രക്കാരില്ലാത്തതിനാൽ റദ്ദാക്കി. ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വിവിധ ഡിപ്പോകളിൽനിന്ന് ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാരെ അറിയിച്ചുവരുകയാണ്. ലോക്ഡൗൺ പിൻവലിച്ചശേഷം 15 -ഓളം സർവീസുകളാണ് കേരള ആർ.ടി.സി. ബെംഗളൂരുവിൽ നിന്നാരംഭിച്ചത്.

അതേസമയം, കേരളത്തിൽനിന്ന്‌ മംഗളൂരു ഭാഗത്തേക്കുള്ള സർവീസുകളാണ് കർണാടക ആർ.ടി.സി. റദ്ദാക്കിയത്. കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള കർണാടക ആർ.ടി.സി. ബസുകൾ പതിവുപോലെ സർവീസ് നടത്തി. ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റുള്ളവർക്കാണ് യാത്രാനുമതി. വ്യാജസർട്ടിഫിക്കറ്റുമായെത്തുന്നവർ പിടിക്കപ്പെട്ടാൽ ടിക്കറ്റ് തുക തിരികെ നൽകില്ലെന്ന് കർണാടക ആർ.ടി.സി. അധികൃതർ മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവിൽനിന്ന് നാട്ടിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ സ്ഥിതിയും സമാനമാണ്. ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വന്നതോടെ രണ്ടുദിവസമായി യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. നാട്ടിലെത്തിയാൽ തിരികെ വരാൻ ബുദ്ധിമുട്ടാകുമെന്നതാണ് മലയാളികളെ നാട്ടിലേക്ക് പോകുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്.

ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധനയ്ക്കായി ബെംഗളൂരു കോർപ്പറേഷൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. യാത്രക്കാർക്ക് കോവിഡ് പരിശോധന നടത്താനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കർണാടകത്തിലേക്ക് വരുന്നവരെ മൂലഹോളെ, ബാവലി, കുട്ട, മാക്കൂട്ടം, തലപ്പാടി എന്നീ ചെക്‌പോസ്റ്റുകളിലും തമിഴ്‌നാട് വഴിയെത്തുന്നവരെ അത്തിബലെ ചെക്‌പോസ്റ്റിലുമാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്.

വിമാനത്താവളത്തിലും പരിശോധന

കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നും ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവർക്കും പരിശോധന നിർബന്ധമാക്കി. ടിക്കറ്റ് ബുക്കുചെയ്യുന്ന യാത്രക്കാരോട് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് വേണമെന്ന് വിമാനക്കമ്പനി അധികൃതർ ഞായറാഴ്ച മുതൽ നിർദേശം നൽകിത്തുടങ്ങി. വിമാനത്താവളത്തിൽ പരിശോധനയ്ക്കായി പ്രത്യേകസംഘത്തെ ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്.

ചെക്‌ പോസ്റ്റുകളിൽ വാഹനങ്ങളുടെ നീണ്ടനിര

ചെക്‌ പോസ്റ്റുകളിൽ പരിശോധനകളുടെ പേരിൽ സ്വകാര്യ വാഹനങ്ങൾ മണിക്കൂറുകളോളം പിടിച്ചിടുന്നതായി പരാതി. മാക്കൂട്ടം, മൂലഹോളെ ചെക്‌പോസ്റ്റുകളിലാണ് പരിശോധനകൾക്കായി ഏറെനേരം കാത്തിരിക്കേണ്ടിവരുന്നത്. ഇതോടെ വാഹനങ്ങളുടെ നീണ്ടനിരയാണ്. ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് അറിയാതെയെത്തുന്നവരോട് മോശമായി പെരുമാറുന്നതായും ആരോപണമുണ്ട്.