ന്യൂഡൽഹി: മിസോറമിൽ നിന്നുള്ള രാജ്യസഭാ എം.പി. കെ. വൻലാൽവെനയുടെപേരിൽ അസം പോലീസെടുത്ത കേസ് പിൻവലിക്കാൻ നിർദേശിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ തിങ്കളാഴ്ച പറഞ്ഞു. മിസോറം-അസം അതിർത്തിത്തർക്ക പരിഹാരത്തിനുള്ള സന്നദ്ധതാ സൂചകമെന്ന നിലയിലാണിത്. മിസോറം പോലീസുകാർക്കുനേരെയുള്ള കേസുകളും പിൻവലിക്കും.

ജൂലായ് 26-ന് അതിർത്തിയിലുണ്ടായ വെടിവെപ്പിൽ അസമിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ സംഘർഷത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഹിമന്തയുടെപേരിൽ മിസോറമിൽ കേസെടുത്തു. മിസോറം എം.പി.യുൾപ്പെടെ ഏതാനും പേർക്കുനേരെ അസം പോലീസും കേസെടുത്തു. ഹിമന്തയുടെപേരിലുള്ള കേസ് കഴിഞ്ഞ ദിവസം മിസോറം പിൻവലിച്ചു. തുടർന്നാണ് അസമിന്റെ ഭാഗത്തുനിന്നുള്ള നടപടി.

അതിർത്തിപ്രശ്നം സൗഹൃദചർച്ചയിലൂടെ പരിഹരിക്കാൻ മിസോറം മുഖ്യമന്ത്രി സൊറാംതങ്ക താത്പര്യം അറിയിച്ചത് കണക്കിലെടുക്കുന്നുവെന്നും വടക്കുകിഴക്കിന്റെ സത്ത ഉയർത്തിപ്പിടിക്കാനാണ് അസം എന്നും ആഗ്രഹിക്കുന്നതെന്നും ഹിമന്ത ട്വിറ്ററിൽ കുറിച്ചു. അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. എം.പി.മാർ പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡൽഹി: മിസോറം-അസം അതിർത്തിത്തർക്കവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി. എം.പി.മാർ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. പ്രശ്നം കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് യോഗത്തിൽ അവർ ആരോപിച്ചു. പ്രകോപനപരമായ പ്രസ്താവനയിലൂടെയും ഉള്ളടക്കങ്ങളിലൂടെയും വിദേശശക്തികളാണ് മേഖലയിൽ സംഘർഷത്തിന് പ്രേരിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. വടക്കുകിഴക്ക് ഹൃദയത്തോട് അത്രയേറെ അടുത്താണെന്നും രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെ മേഖലയെ നോക്കിക്കാണാനാവില്ലെന്നും മോദി പ്രതികരിച്ചു.

17 എം.പി.മാരാണ് (അസം-12, അരുണാചൽ പ്രദേശ്-2, ത്രിപുര-1, മണിപ്പുർ-1) സംഘത്തിലുണ്ടായിരുന്നത്.