ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയിൽ (നീറ്റ്) ആൾമാറാട്ടം നടത്തിയ സംഭവത്തിലെ മുഖ്യ ഇടനിലക്കാരനെന്ന് സംശയിക്കുന്ന ശ്രീഹർഷ അറസ്റ്റിൽ. തമിഴ്‌നാട് സി.ബി.സി.ഐ.ഡി. പോലീസ് ബെംഗളൂരുവിൽനിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

മലയാളികളായ രാഹുൽ, പ്രവീൺ എന്നിവരടക്കം ഏഴ് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളടക്കം 14 പേരും മൂന്ന് ഇടനിലക്കാരും മുമ്പ് പലപ്പോഴായി അറസ്റ്റിലായിരുന്നു. ആൾമാറാട്ടം നടത്തുന്നതിന് 20 ലക്ഷം രൂപവരെയാണ് ഇടനിലക്കാർ ഒരോ വിദ്യാർഥിയിൽനിന്നും ഈടാക്കിയിരുന്നത്.

തേനി മെഡിക്കൽ കോളേജിലെ വിദ്യാർഥിയായ ഉദിത് സൂര്യയ്ക്കെതിരേ 2019 സെപ്റ്റംബറിൽ കോളേജിൽ ലഭിച്ച അജ്ഞാത ഇ-മെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടം പുറത്തായത്. ഇടനിലക്കാർമുഖേന പരീക്ഷ എഴുതാൻ അപരന്മാരെ നിയോഗിക്കുകയും ഇവർ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിൽ ഉദിത് സൂര്യ അടക്കമുള്ള വിദ്യാർഥികൾ മെഡിക്കൽ പ്രവേശനം നേടിയെന്നുമാണ് കണ്ടെത്തിയത്.

രക്ഷിതാക്കളിൽനിന്ന് പണം വാങ്ങിയത് ഇടനിലക്കാരനായിരുന്ന മലപ്പുറം സ്വദേശിയായ റഷീദായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. ഇയാൾ കോടതിയിൽ കീഴടങ്ങി. എന്നാൽ, അപരന്മാരെ നിയോഗിച്ചത് അടക്കമുള്ള പ്രധാന ആസൂത്രണങ്ങൾ നടത്തിയ ശ്രീഹർഷയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. മദ്രാസ് മെഡിക്കൽ കോളേജിൽ രണ്ടാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയും ആൾമാറാട്ടത്തിലൂടെയാണ് നീറ്റ് യോഗ്യത നേടിയതെന്ന് അടുത്തിടെ കണ്ടെത്തിയതോടെയാണ് ശ്രീഹർഷയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാൾ മുഖേന കൂടുതൽ വിദ്യാർഥികൾ ആൾമാറാട്ടത്തിലൂടെ പ്രവേശനം നേടിയതായി സംശയിക്കുന്നുണ്ട്.