ന്യൂഡൽഹി: അഗർബത്തി നിർമാണത്തിനുള്ള പ്രത്യേകപദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. ഖാദി ആൻഡ് വില്ലേജ് വ്യവസായ കമ്മിഷൻ നൽകിയ നിർദേശം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഞായറാഴ്ച അംഗീകരിച്ചു. തൊഴിലില്ലാത്തവർക്കും കുടിയേറ്റത്തൊഴിലാളികൾക്കും അഗർബത്തി നിർമാണമേഖലയിൽ തൊഴിൽ നൽകുകയാണ് ഖാദി അഗർബത്തി ആത്മനിർഭർ ദൗത്യം എന്നപേരിലുള്ള പദ്ധതിയുടെ ലക്ഷ്യം.

അഗർബത്തി നിർമാണയന്ത്രം, പൗഡർ മിശ്രണയന്ത്രം എന്നിവ ഖാദി ഗ്രാമവ്യവസായകമ്മിഷൻ തൊഴിലാളികൾക്കു നൽകും. യന്ത്രത്തിന്റെ വിലയുടെ 25 ശതമാനം സബ്‌സിഡിയായി നൽകും. ബാക്കി 75 ശതമാനം മാസത്തവണകളായി തൊഴിലാളികളിൽനിന്ന് ഈടാക്കും. തൊഴിലാളികളുടെ പരിശീലനച്ചെലവിൽ 75 ശതമാനം ഖാദികമ്മിഷൻ വഹിക്കും. ശേഷിക്കുന്ന 25 ശതമാനം വ്യവസായപങ്കാളികൾ വഹിക്കണം.

ഒരുകിലോഗ്രാം അഗർബത്തി നിർമിക്കുന്നതിനുള്ള വേതനം 15 രൂപയാണ്. യന്ത്രമുപയോഗിച്ച് ദിവസം 80 കിലോഗ്രാം നിർമിക്കാനാവും. പൗഡർമിശ്രണയന്ത്രത്തിലൂടെ ദിവസം 250 രൂപ നിരക്കിൽ രണ്ടുപേർക്ക് തൊഴിൽ ലഭിക്കും.