ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി (സി.എ.എ.) ബന്ധപ്പെട്ട ചട്ടങ്ങൾ രൂപപ്പെടുത്താനുള്ള കാലാവധി മൂന്നുമാസംകൂടി നീട്ടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയെ അറിയിച്ചു. സ്റ്റാൻഡിങ് കമ്മിറ്റിയുടെ അടുത്തിടെ നടന്ന യോഗത്തിലാണ് മന്ത്രാലയം ആവശ്യമുന്നയിച്ചത്. മന്ത്രാലയം അനുമതി നൽകിയോ എന്നകാര്യം വ്യക്തമല്ല.

കോവിഡ്, ലോക്ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട തിരക്കിനെത്തുടർന്നാണ് കൂടുതൽ സമയം ആവശ്യമായി വരുന്നതെന്ന് മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ച്‌ ആറുമാസത്തിനുള്ളിൽ ചട്ടങ്ങൾ രൂപപ്പെടുത്താൻ കഴിയാതെ വന്നതോടെയാണ് സ്റ്റാൻഡിങ് കമ്മിറ്റിയെ സമീപിക്കേണ്ടി വന്നത്. 2019 ഡിസംബർ 9-ന് ലോക്‌സഭയും 11-ന് രാജ്യസഭയും പൗരത്വ നിയമഭേദഗതി പാസാക്കിയിരുന്നു.