അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ ഭൂമിപൂജ ബുധനാഴ്ച നടക്കാനിരിക്കേ കൽപ്പണികൾ അവസാനഘട്ടത്തിൽ. “ക്ഷേത്രത്തിന്റെ ആദ്യ നിലയിലെ ശിലകളുടെ കൊത്തുപണികളും വൃത്തിയാക്കലും പൂർത്തിയാക്കി. ശേഷിക്കുന്ന ജോലികൾ ട്രസ്റ്റ് യോഗത്തിനുശേഷം പുനരാരംഭിക്കും” പണികൾക്ക് നേതൃത്വം നൽകുന്ന ഹനുമാൻ യാദവ് പറഞ്ഞു. 1990-ലാണ് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിനായുള്ള ശിലകളുടെ പണികൾ ആരംഭിച്ചത്.

ഭൂമിപൂജയ്ക്ക് പ്രധാനമന്ത്രിയെത്തുമെന്നാണ് ട്രസ്റ്റ് അധികൃതർ അറിയിച്ചിരിക്കുന്നത്. അയോധ്യയിലും പരിസരത്തും പോലീസ് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയാനുള്ള മുൻകരുതലുകളും ജില്ലാഭരണകൂടം എടുത്തിട്ടുണ്ട്. റോ‍ഡുകളും കച്ചവടകേന്ദ്രങ്ങളും സ്നാനഘട്ടങ്ങളും ശുചിയാക്കുന്ന പ്രവർത്തനവും ദ്രുതഗതിയിൽ നടക്കുകയാണ്.

അതിനിടെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച നടത്താനിരുന്ന അയോധ്യാ സന്ദർശനം റദ്ദാക്കി. മന്ത്രി കമൽ റാണി കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണിത്. കോവിഡ് പശ്ചാത്തലത്തിൽ ചടങ്ങുകളിൽ പങ്കെടുക്കുന്ന പ്രമുഖരുടെ എണ്ണം 50 ആക്കി കുറച്ചിട്ടുണ്ട്. മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, ബി.ജെ.പി. മുതിർന്ന നേതാവ് മുരളി മനോഹർ ജോഷി എന്നിവർ വീഡിയോ കോൺഫറൻസ്‌വഴിയാകും പങ്കെടുക്കുക.

150 നദികളിൽനിന്ന്‌ ശേഖരിച്ച ജലവുമായി സഹോദരർ അയോധ്യയിൽ

: രാമക്ഷേത്രത്തിലെ ഭൂമിപൂജയ്ക്കായി 150-ലേറെ നദികളിൽനിന്നുള്ള ജലവുമായി എഴുപതുകഴിഞ്ഞ സഹോദരർ ഞായറാഴ്ച അയോധ്യയിലെത്തി. രാധേയ് ശ്യാം പാണ്ഡേയും സഹോദരനുമാണ് ഭൂമി പൂജയ്ക്കായി ഇന്ത്യയിലെ 151 നദികൾ, എട്ട് മഹാനദികൾ, മൂന്നു സമുദ്രങ്ങൾ എന്നിവിടങ്ങളിലെ ജലവും ശ്രീലങ്കയിലെ എട്ട്് സ്ഥലങ്ങളിൽനിന്നുള്ള മണ്ണും ശേഖരിച്ചത്.