ന്യൂഡൽഹി: ഡൽഹി, മുംബൈ, ചെന്നൈ എന്നീ മെട്രോ നഗരങ്ങളിൽ കോവിഡ് ഭീഷണി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.

ഈ നഗരങ്ങളിൽ രോഗവ്യാപനത്തോത് ഒന്നിനു താഴെയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്‌ രോഗവ്യാപനം അവസാനിക്കാൻ പോവുന്നതിന്റെ സൂചനയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഒന്നിനു മുകളിലാണെങ്കിൽ കേസുകളുടെ എണ്ണം ഉയരും.

ഡൽഹിയിലാണ് ഏറെ മെച്ചപ്പെട്ടത്. ഇവിടെ കോവിഡ് ബാധിച്ച 1.35 ലക്ഷത്തോളം പേരിൽ 90 ശതമാനത്തിലധികം ഭേദമായി. നിലവിൽ, 0.66 ആണ് ഡൽഹിയിലെ രോഗവ്യാപനം.

അപ്രതീക്ഷിതമായ രോഗവ്യാപനം ഉണ്ടായില്ലെങ്കിൽ സെപ്റ്റംബർ ആദ്യ ആഴ്ചയോടെ ഡൽഹിയിൽ രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ശനിയാഴ്ചത്തെ കണക്കുപ്രകാരം 10,596 രോഗികളാണവിടെയുള്ളത്‌.

റീപ്രൊഡക്‌ഷൻ നമ്പർ മുംബൈയിൽ 0.81-ഉം ചെന്നൈയിൽ 0.86-ഉം ആണ്. ഇരു നഗരങ്ങളിലും ഒരുലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ചു. നിലവിൽ, മുംബൈയിൽ 20,000-ത്തിലധികവും ചെന്നൈയിൽ 12,000-ത്തിലധികവും രോഗികളുണ്ട്. രാജ്യത്തെ ആകെ രോഗവ്യാപന നമ്പർ ജൂലായിൽ 1.16 ആണ്. തുടർച്ചയായ ലോക്ഡൗൺ ഇളവുകളെത്തുടർന്നാണ് നമ്പർ ഉയർന്നത്.

സംസ്ഥാനങ്ങളിൽ ആന്ധ്രാപ്രദേശിലാണ് ഏറ്റവുമുയർന്ന രോഗവ്യാപനനമ്പർ (1.48). ജൂലായ് തുടക്കത്തിൽ 7,700 സജീവ കേസുകളുണ്ടായിരുന്ന ആന്ധ്രയിൽ ഞായറാഴ്ച 72,188 ആണ്.