ന്യൂഡൽഹി: കോവിഡിൽനിന്ന്‌ ജനങ്ങളെ രക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും ജീവിതോപാധിയും സംരക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളെടുക്കണം. ഉത്തരവാദിത്വം നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്ര സർക്കാരിന് തുടരാൻ ധാർമികമായി അർഹതയില്ലെന്ന് ഇടതുനേതാക്കൾ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറൽസെക്രട്ടറി ഡി. രാജ, ദീപാങ്കർ ഭട്ടാചാര്യ (സി.പി.ഐ. (എം.എൽ.) ലിബറേഷൻ, ദേബബ്രത ബിശ്വാസ് (ഫോർവേഡ്‌ ബ്ലോക്ക്), മനോജ് ഭട്ടാചാര്യ (ആർ.എസ്.പി.) എന്നിവർ ചേർന്നാണ് പ്രസ്താവന ഇറക്കിയത്.

ആശുപത്രികളിൽ ഓക്സിജൻ ലഭ്യമാക്കിക്കണം. സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ നടപ്പാക്കണം. ഇതിനായി ബജറ്റ് വിഹിതമായി 35,000 കോടി രൂപ അനുവദിക്കണം. ഇരുപതിനായിരം കോടി മുതൽമുടക്കുള്ള സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണം ഉടൻ നിർത്തിവെച്ച് ആ പണം വാക്സിൻ വാങ്ങാൻ വിനിയോഗിക്കണം. ആദായ നികുതി പരിധിയിലില്ലാത്തവർക്കെല്ലാം പ്രതിമാസം 7500 രൂപയുടെ സഹായധനം അനുവദിക്കണം. ഗ്രാമീണ മേഖലകളിൽ കോവിഡ് ചികിത്സയ്ക്കുള്ള സൗകര്യം കൂട്ടണം -ഇടതുപാർട്ടികൾ ആവശ്യപ്പെട്ടു.