ന്യൂഡൽഹി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലടക്കം മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ച് സമരം ശക്തമാക്കാൻ സംയുക്ത കിസാൻ മോർച്ച. തൊഴിലാളിസംഘടനകളുമായി യോജിച്ചുള്ള പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ഇതിനായി തൊഴിലാളി-കർഷക നേതാക്കളുടെ സംയുക്തയോഗം തിങ്കളാഴ്ച നടന്നു.

കർണാടക, തെലങ്കാന, മധ്യപ്രദേശ്, പശ്ചിമബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ മാസം മഹാപഞ്ചായത്തുകൾ നടക്കും. കഴിഞ്ഞദിവസം യു.പി.യിലെ മൊറാദാബാദിൽ ജനസഭ സംഘടിപ്പിച്ചു. ലഖിംപുർ ഖേഡിയിൽ സംസ്ഥാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ കർഷകർ വേദി കൈയടക്കുകയും ചെയ്തു. കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആറേമുക്കാൽ ലക്ഷം കർഷകർ ഒപ്പിട്ട ഭീമഹർജി രാഷ്ട്രീയ സേവാദളിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്ര ഗവർണർക്കു സമർപ്പിച്ചു.

വിളകൾ നശിപ്പിച്ചുള്ള പ്രതിഷേധം പാടില്ലെന്ന് കിസാൻ മോർച്ച കർഷകരോട് അഭ്യർഥിച്ചു. കർഷകർ ചോരയും നീരും നൽകി ഉത്‌പാദിച്ച വിളകൾ നശിപ്പിക്കാൻ പാടില്ല. സമരവും വിളകളും ഒരുപോലെ സംരക്ഷിച്ചു മുന്നോട്ടുപോവണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.