മുംബൈ: ദാദറിൽ ശിവാജി പാർക്കിനോട് ചേർന്നു നിർമിക്കുന്ന ബാലാസാഹേബ് താക്കറെ സ്മാരകത്തിന് മഹാരാഷ്ട്ര സർക്കാർ 400 കോടി രൂപ അനുവദിച്ചു. തിങ്കളാഴ്ചത്തെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച വൈകീട്ടു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.

താക്കറെ സ്മാരകത്തിലെ കെട്ടിടങ്ങളുടെ നിർമാണത്തിന് 250 കോടി രൂപയും രണ്ടാംഘട്ടത്തിൽ അവിടെ സാങ്കേതിക സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് 150 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പ്രാഥമിക ചെലവുകൾ മുംബൈ മെട്രോപ്പൊളിറ്റൻ വികസന അതോറിറ്റിയാണ് വഹിക്കുക. ശിവാജി പാർക്കിലെ പഴയ മേയർ ബംഗ്ലാവും മൂന്ന് പുതിയ കെട്ടിടങ്ങളും അടങ്ങുന്നതാണ് താക്കറെ സ്മാരകം. പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് മുംബൈ തീരമേഖലാ നിയന്ത്രണ അതോറിറ്റി (എം.സി.സെഡ്.എം.എ.) അടുത്തയിടെ അനുമതി നൽകിയിരുന്നു.

പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള ബാലാസാഹേബ് താക്കറെ രാഷ്ട്രീയ സ്മാരക് ന്യാസ് ആണ് പദ്ധതിക്ക് നേതൃത്വംനൽകുന്നത്. മുംബൈ നഗരസഭയുടെ ആദ്യമേയറുടെ ബംഗ്ലാവ് ആയി ഉപയോഗിച്ച കെട്ടിടം 2019-ൽ സ്മാരക സമിതിക്ക് കൈമാറിയിരുന്നു. മ്യൂസിയവും ആർട്ട്ഗാലറിയും മ്യൂസിയം ഷോപ്പുമായിരിക്കും മേയർ ബംഗ്ലാവിൽ പ്രവർത്തിക്കുക. ഭേദഗതികൾ വരുത്തരുതെന്ന ഉപാധിയോടെയാണ് നഗരസഭാ മേയർ ബംഗ്ലാവ് സ്മാരകത്തിന് വിട്ടുകൊടുത്തത്.