പുണെ: ആർമി റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് പുണെയിൽ മുൻ സൈനികർ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ബോപ്കൽ ഗണേഷ് നഗറിൽ താമസിക്കുന്ന ആസാദ് ഖാൻ, വിശാന്തവാടിയിൽ താമസിക്കുന്ന ഉത്തർപ്രദേശിലെ ഗാസിയാപുർ സ്വദേശി അലി അക്തർ, സത്താറ ജില്ലയിലെ ചിൻചോളി ഗുരവ് സ്വദേശി മഹേന്ദ്ര സോനവാനെ എന്നിവരാണ് അറസ്റ്റിലായത്. ബോംബെ സാപ്പേഴ്സിലെ സിവിൽ ഡിഫൻസ് കാന്റീനിൽ പാചകക്കാരനാണ് ആസാദ് ഖാൻ. അക്തറും സോനവാനെയും മുൻ സൈനികരാണ്. ആസാദ് ഖാനുമായി ചേർന്നാണ് മുൻ സൈനികർ റിക്രൂട്ട്‌മെന്റ് റാക്കറ്റ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച പുണെയിൽ നടക്കാനിരുന്ന ആർമി റിക്രൂട്ട്‌മെന്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് മാറ്റിവെച്ചിരുന്നു.

പുണെ ആസ്ഥാനമായ സതേൺ കമാൻഡിലെ മിലിറ്ററി ഇന്റലിജൻസ് യൂണിറ്റും പുണെ സിറ്റി പോലീസിലെ ക്രൈംബ്രാഞ്ച് യൂണിറ്റും രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പുണെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് ജനറൽ ഡ്യൂട്ടിക്കുള്ള പട്ടാളക്കാരെ തിരഞ്ഞെടുക്കാനുള്ള പൊതു പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ചോർന്നതായി സ്ഥിരീകരിച്ചത്. ഖഡ്കിയിലെ ബോംബെ എൻജിനിയർ ഗ്രൂപ്പ് ആൻഡ് സെന്റർ (ബി.ഇ.ജി. ആൻഡ് സി.) കേന്ദ്രികരിച്ചു നടന്ന ആർമി റിക്രൂട്ട്മെന്റ് റാക്കറ്റിനെയും അന്വേഷണത്തിൽ കണ്ടെത്തി. പരീക്ഷയ്ക്ക് ഹാജരാകുന്നവർക്ക് കരസേനയിൽ നിയമനം നൽകാമെന്ന് വാഗ്ദാനംചെയ്ത് ചോർത്തി നൽകുന്ന ചോദ്യപ്പേപ്പറിന് രണ്ടുലക്ഷം മുതൽ മൂന്നുലക്ഷംവരെ രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഒട്ടേറെ ഉദ്യോഗാർഥികളിൽനിന്ന് ഒരുലക്ഷം രൂപ മുൻകൂറായി വാങ്ങിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ബോംബെ സാപ്പേഴ്സിൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വാങ്ങാൻ എത്തുന്ന സമയത്താണ് പ്രതികൾ ശാരീരിക, വൈദ്യ പരിശോധനകൾ കഴിഞ്ഞ ഉദ്യോഗാർഥികളെ സമീപിച്ചിരുന്നത്. പുണെ, കോലാപുർ, സത്താറ, സാംഗ്ലി, ബെലഗാവി ജില്ലകളിൽനിന്നുള്ള ഏകദേശം 130 ഉദ്യോഗാർഥികളുമായി പ്രതികൾ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.