ബെംഗളൂരു: സമുദായംമാറി സൗഹൃദം സ്ഥാപിച്ചതിനു ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പെൺകുട്ടിയുടെ ബന്ധുക്കൾ കൊന്നു ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞു. ലൈംഗികാവയവവും മൂക്കും മുറിച്ച നിലയിലായിരുന്നു മൃതദേഹം. കർണാടക കലബുറഗിയിലെ നരിബോലിലാണ് ദാരുണസംഭവം. പ്രദേശവാസിയായ കൊല്ലി മഹേഷാണ് (14) കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അമ്മാവനെയും രണ്ടുസുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

അഞ്ചുദിവസം മുമ്പാണ് മഹേഷിനെ കാണാതായത്. തിരച്ചിൽ തുടരുന്നതിനിടെ കഴിഞ്ഞദിവസം ചാക്കിൽക്കെട്ടിയ നിലയിൽ ബീമ നദിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പെൺകുട്ടിയുടെ അമ്മാവൻ മഹേഷിനെ കാണാനെത്തിയിരുന്നു. സംസാരിക്കണമെന്നാവശ്യപ്പെട്ട് മഹേഷുമായി പുറത്തേക്കുപോയി. പിന്നീട് മഹേഷ് തിരിച്ചുവന്നില്ല. ഇതിനിടെയാണ് പുഴയിൽ സംശയാസ്പദമായ നിലയിൽ ചാക്കുകെട്ട് ഗ്രാമീണർ കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ മൃതദേഹം മഹേഷിന്റേതാണെന്ന് സ്ഥിരീകരിച്ചു.

ഏതാനും മാസം മുമ്പാണ് സമീപത്തു താമസിക്കുന്ന മറ്റൊരു സമുദായത്തിൽപ്പെട്ട സമപ്രായക്കാരിയായ പെൺകുട്ടിയുമായി മഹേഷ് സൗഹൃദം സ്ഥാപിച്ചത്. പെൺകുട്ടിയോട് സംസാരിക്കരുതെന്ന് ബന്ധുക്കൾ മഹേഷിന് താക്കീത് നൽകി. എന്നാൽ മഹേഷ് പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയതോടെ എതിർപ്പു ശക്തമായി. പ്രദേശത്ത് അതീവ ജാഗ്രതയിലാണ് പോലീസ്. ഇരുസമുദായങ്ങൾ തമ്മിലുള്ള സംഘർഷമായി മാറാതിരിക്കാനുള്ള മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്.