മുംബൈ: കവി ജാവേദ് അഖ്ത്തർ നൽകിയ അപകീർത്തിക്കേസിൽ നടി കങ്കണ റണൗട്ടിനെതിരേ അന്ധേരി മെട്രോപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചു. സമൻസ് അനുസരിച്ച് കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്നാണ് ജാമ്യത്തിന് അർഹതയുള്ള വാറന്റ് പുറപ്പെടുവിച്ചത്.

നടൻ സുശാന്ത്സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ ടെലിവിഷൻ ചാനലുകൾക്കനുവദിച്ച അഭിമുഖത്തിൽ കങ്കണ റണൗട്ട് അനാവശ്യമായി പേര് വലിച്ചിഴച്ചുവെന്ന് കാണിച്ചാണ് ജാവേദ് അഖ്ത്തർ നവംബർ രണ്ടിന് ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി മാർച്ച് ഒന്നിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം കങ്കണയ്ക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച കങ്കണ കോടതിയിൽ എത്തിയില്ല. തുടർന്നാണ് മജിസ്‌ട്രേറ്റ് ആർ.ആർ. ഖാൻ വാറന്റ് പുറപ്പെടുവിച്ചത്.

അപകീർത്തിക്കേസിൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കങ്കണയ്ക്ക് കോടതി സമൻസ് അയച്ചതെന്നും അതിനെതിരേ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവരുടെ അഭിഭാഷകൻ റിസ്വാൻ സിദ്ദിഖ്വീ കോടതിയെ അറിയിച്ചു. മേൽക്കോടതിയെ സമീപിക്കാൻ കങ്കണയ്ക്ക് അവകാശമുണ്ടെന്നും എന്നാലത് കോടതിയിൽ ഹാജരാകാതിരിക്കാനുള്ള ഒഴികഴിവല്ലെന്നും വാറന്റ് പുറപ്പെടുവിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. കേസിൽ മാർച്ച് 26-ന് വാദം തുടരും.

അപകീർത്തിപ്പെടുത്താനുദ്ദേശിച്ച് കങ്കണ റണൗട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് ജാവേദ് അഖ്ത്തറിന്റെ പരാതി. ഹർജി സ്വീകരിച്ച് ജാവേദ് അഖ്ത്തറിന്റെ മൊഴി രേഖപ്പെടുത്തിയ കോടതി പരാതിയെപ്പറ്റി അന്വേഷിക്കാൻ ജുഹു പോലീസിന് നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും സമൻസ് അയച്ചെങ്കിലും കങ്കണ അന്വേഷണവുമായി സഹകരിച്ചില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു. പോലീസിന്റെ റിപ്പോർട്ടും ജാവേദ് അഖ്ത്തറിന്റെ അഭിഭാഷകന്റെ വാദവും പരിഗണിച്ചശേഷമാണ് മജിസ്‌ട്രേറ്റ് കങ്കണയോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.

കലാകാരൻമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഉപജാപകവൃന്ദം ബോളിവുഡിലുണ്ടെന്നും ജാവേദ് അഖ്ത്തർ അതിന്റെ ഭാഗമാണെന്നും കങ്കണ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. നടൻ ഹൃത്വിക് റോഷനെതിരേ നൽകിയ പരാതി പിൻവലിക്കാൻ ജാവേദ് അഖ്ത്തർ സമ്മർദം ചെലുത്തിയെന്നും പറഞ്ഞിരുന്നു. കലാജീവിതത്തിലും വ്യക്തിജീവിതത്തിലും നേടിയ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണ് കങ്കണ നടത്തിയ അടിസ്ഥാനരഹിതമായ പരാമർശങ്ങളെന്ന് ജാവേദ് അഖ്ത്തറിന്റെ പരാതിയിൽ പറയുന്നു.