മുംബൈ: നാവികസേനയുടെ വെസ്‌റ്റേൺ കമാൻഡിന്റെ ഫ്ളാഗ്ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആയി വൈസ് അഡ്മിറൽ ആർ. ഹരികുമാർ സ്ഥാനമേറ്റു. തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ മുംബൈയിൽ കമാൻഡ് ആസ്ഥാനത്തുനടന്ന ചടങ്ങിലാണ് ചുമതലയേറ്റത്. 40 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച വൈസ് അഡ്മിറൽ അജിത് കുമാറിൽനിന്ന് അദ്ദേഹം അധികാരദണ്ഡ് ഏറ്റുവാങ്ങി. എറണാകുളം സ്വദേശിയാണ് അജിത്കുമാർ. ഇരുവരും ചേർന്ന് ഗാർഡ് ഓഫ് ഓണർ പരിശോധിച്ചശേഷമായിരുന്നു അധികാരക്കൈമാറ്റം.

നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന് പഠിച്ചിറങ്ങിയ ആർ. ഹരികുമാർ 1983 ജനുവരിയിലാണ് നാവികസേനയിൽ ചേരുന്നത്. മുംബൈ സർവകലാശാലയിലും യു.എസ്. നേവൽ വാർ കോളേജിലും ലണ്ടനിലെ കിങ്‌സ് കോളേജിലുമായിരുന്നു ഉപരിപഠനം. ഐ.എൻ.എസ്. വിരാട് ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായി പ്രവർത്തിച്ചിട്ടുള്ള ഹരികുമാറിന് വിശിഷ്ട സേവാമെഡലും അതിവിശിഷ്ട സേവാമെഡലും പരം വിശിഷ്ടസേവാ മെഡലും ലഭിച്ചിട്ടുണ്ട്.