മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടകവസ്തുക്കൾവെച്ചത് ജയ്ഷ് ഉൽ ഹിന്ദ് എന്ന തീവ്രവാദ സംഘടനയാണെന്ന റിപ്പോർട്ടുകൾ മുംബൈ പോലീസ് നിഷേധിച്ചു. സംഘടനയുടേത് എന്നു കരുതുന്ന നിഷേധക്കുറിപ്പും പോലീസ് തിങ്കളാഴ്ച പുറത്തുവിട്ടു.

അംബാനി വസതിക്കു മുന്നിൽ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം എത്തിച്ചത് തങ്ങളാണെന്ന് പറഞ്ഞ് ജയ്ഷ് ഉൽ ഹിന്ദ് പുറപ്പെടുവിച്ചെന്നു കരുതുന്ന പ്രസ്താവനയുടെ ദൃശ്യങ്ങൾ ഞായറാഴ്ച വ്യാപകമായി പ്രചരിച്ചിരുന്നു. സംഘടനയുടെ ‘ടെലിഗ്രാം’ ചാനൽ വഴിയാണ് ഇത് പുറത്തുവന്നത്. ഈ ടെലിഗ്രാം ചാനലും തങ്ങളുടേത് എന്ന പേരിൽ പുറത്തുവന്ന പ്രസ്താവനയും വ്യാജമാണെന്ന് തിങ്കളാഴ്ചത്തെ കുറിപ്പിൽ പറയുന്നു.

മുകേഷ് അംബാനിക്കോ മറ്റേതെങ്കിലും വ്യവസായ പ്രമുഖർക്കോ എതിരേ പോരാടുന്ന സംഘടനയല്ല ജയ്ഷ് ഉൽ ഹിന്ദെന്ന് പുതിയ പ്രസ്താവന വ്യക്തമാക്കുന്നു. ഭീഷണിപ്പെടുത്തി പണംവാങ്ങുന്ന പ്രവൃത്തി ചെയ്യാറില്ലെന്നും പോരാട്ടം ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരേയാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളാണ് തങ്ങളുടേതെന്ന പേരിൽ വ്യാജ പ്രസ്താവന പടച്ചുവിട്ടത് എന്നാണ് ജയ്ഷ് പറയുന്നത്. നേരത്തേ ന്യൂഡൽഹിയിലെ ഇസ്രയേൽ എംബസിക്കു മുന്നിൽ നടന്ന ചെറു സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ജയ്ഷ് ഉൽ ഹിന്ദ് ഏറ്റെടുത്തിരുന്നു. എന്നാൽ, യഥാർഥത്തിൽ ഇങ്ങനെയൊരു സംഘടന നിലവിലുണ്ടോ എന്നുപോലും ഉറപ്പില്ലെന്നാണ് രഹസ്യാന്വേഷണ വിദഗ്ധർ പറയുന്നത്.

സംഘടനയുടേത് എന്ന പേരിൽ വന്ന രണ്ടു പ്രസ്താവനകളുടെയും ആധികാരികതയെപ്പറ്റി മുംബൈ പോലീസും എൻ.ഐ.എയും അന്വേഷണം നടത്തുന്നുണ്ട്. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തെ ഏതെങ്കിലും സംഘടനയുമായി ബന്ധിപ്പിക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. അന്വേഷണം തുടരുകയാണ്. സ്‌ഫോടക വസ്തുക്കൾ വെച്ച വണ്ടിയുടെ ഉടമയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനത്തിനു പിന്നാലെയുണ്ടായിരുന്ന വാഹനം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. വാഹനത്തിലുണ്ടായിരുന്ന ജെലാറ്റിൻ സ്റ്റിക്കുകൾ നാഗ്പുരിൽ നിർമിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ പോലീസിനൊപ്പം ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ.) സമാന്തര അന്വേഷണം നടത്തുന്നുണ്ട്.