ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മുഖ്യ ഉപദേശകനായി തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ചുമതലയേറ്റു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. അടുത്തവർഷം ആദ്യമാണ് പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ്.

ഇപ്പോൾ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിലെ പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കുന്നത് കിഷോറിന്റെ കമ്പനിയായ ഐ.പാക് (ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി) ആണ്. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു തന്ത്രജ്ഞനായിരുന്നു കിഷോർ. അന്ന് 117 അംഗ നിയമസഭയിൽ 77 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു. 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ പ്രചാരണവും കിഷോർ കൈകാര്യം ചെയ്തിരുന്നു.