ബിജ്‌നൗർ: കർഷകപ്രതിഷേധങ്ങൾക്കെതിരേ ആസൂത്രണങ്ങൾ നടത്തുന്നതിന്റെ സൂചനയാണ് കേന്ദ്ര സർക്കാരിന്റെ നിശ്ശബ്ദതയെന്ന് ഭാരതീയ കിസാൻ യൂണിയൻ ‍(ബി.കെ.യു.) നേതാവ് രാകേഷ് ടിക്കായത്. കർഷകരുമായി ചർച്ച പുനരാരംഭിക്കാൻ സർക്കാരാണ് മുന്നോട്ടുവരേണ്ടതെന്നും അദ്ദേഹം ബിജ്‌നൗരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

15-20 ദിവസമായി സർക്കാർ നിശ്ശബ്ദത പാലിക്കുകയാണ്. കർഷകപ്രക്ഷോഭത്തിനെതിരായ എന്തോ നടപടികൾ ആസൂത്രണം ചെയ്യുകയാണ്. പ്രശ്നത്തിനു പരിഹാരംകാണാതെ കർഷകർ പിന്നോട്ടില്ല. കൃഷിയും പ്രതിഷേധവും ഒപ്പം കൊണ്ടുപോകാൻ കർഷകർക്കാവും. അവർ എന്തിനും തയ്യാറാണ് -ടിക്കായത് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ മാസം 24-ന് മഹാപഞ്ചായത്ത് നടത്തും. റിപ്പബ്ലിക് ദിന പരേഡിൽ പ്രശ്നമുണ്ടാക്കിയത് സർക്കാരാണെന്നും അദ്ദേഹം ആവർത്തിച്ചു.