ന്യൂഡൽഹി: കോവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ടത്തിന്റെ ആദ്യദിവസംതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിനെടുത്തത് മാതൃകാപരമാണെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. വാക്സിനെടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ പ്രധാനമന്ത്രിയുടെ കുത്തിവെപ്പോടെ അതു മാറുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ അഭിപ്രായപ്പെട്ടു.

വാക്സിനെടുക്കാനുള്ള മടി അവസാനിപ്പിക്കാൻ പ്രതിപക്ഷ നേതാക്കളും അതെടുക്കണമെന്ന് ഹർഷ് വർധൻ അഭ്യർഥിച്ചു. 60 വയസ്സിനു മുകളിലുള്ളവരും 45-ന് മുകളിലുള്ള രോഗികളും എം.പി.മാരും എം.എൽ.എ.മാരും ജനപ്രതിനിധികളുമെല്ലാം വാക്സിനെടുക്കണം. ജനങ്ങൾക്ക് അത് വലിയ സന്ദേശമാണ് നൽകുക. രണ്ടു വാക്സിനുകളും സുരക്ഷിതമാണ്. ആദ്യംതന്നെ കുത്തിവെപ്പെടുത്ത് പ്രധാനമന്ത്രി മാതൃക കാട്ടിയതിൽ നന്ദിയുണ്ട് -മന്ത്രി പറഞ്ഞു.

ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ ആദ്യ ഡോസ് ആണ് പ്രധാനമന്ത്രിക്ക് കുത്തിവെച്ചത്. രോഗികൾക്കും ആശുപത്രിയിലെത്തുന്നവർക്കും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ അതിരാവിലെയാണ് പ്രധാനമന്ത്രി എത്തിയതെന്ന് എയിംസ് ഡയറക്ടർ ഗുലേരിയ പറഞ്ഞു. പ്രധാനമന്ത്രിക്ക് വാക്സിൻ കുത്തിവെച്ച പുതുച്ചേരി സ്വദേശി പി. നിവേദ അപ്പോൾ മാത്രമേ കുത്തിവെപ്പിന്റെ കാര്യം അറിഞ്ഞുള്ളൂ. ആറരയോടെ വാക്സിനെടുത്ത പ്രധാനമന്ത്രി അരമണിക്കൂർ നിരീക്ഷണത്തിലിരുന്നു. കുത്തിവെപ്പിനുശേഷം അദ്ദേഹത്തിന് അസ്വസ്ഥതകളൊന്നും ഉണ്ടായില്ലെന്നും ഗുലേറിയ പറഞ്ഞു.