ന്യൂഡൽഹി: രണ്ടു പൊതുമേഖലാബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശുപാർശയിൽ പ്രതിഷേധിച്ച് ഈമാസം 16-നും 17-നും രാജ്യവ്യാപക പണിമുടക്കിന് ഒമ്പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു. ആഹ്വാനംചെയ്തു.

ഓഹരിവിറ്റഴിക്കൽ പദ്ധതിയുടെ ഭാഗമായി രണ്ടു പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ഫെബ്രുവരിയിൽ ബജറ്റ് അവതരണവേളയിൽ പറഞ്ഞിരുന്നു. ഐ.ഡി.ബി.ഐ. ബാങ്കിനെ സർക്കാർ സ്വകാര്യവത്കരിച്ചു കഴിഞ്ഞു. നാലുവർഷത്തിനിടെ 14 പൊതുമേഖലാബാങ്കുകളെ ലയിപ്പിച്ചു. പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ ബാങ്കിങ് നിയമഭേദഗതിബിൽ കൊണ്ടുവരാൻ പോകുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വകാര്യവത്കരണത്തെ എതിർക്കാൻ യു.എഫ്.ബി.യു. തീരുമാനിച്ചതെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽസെക്രട്ടറി സി.എച്ച്. വെങ്കടാചലം പ്രസ്താവനയിൽ പറഞ്ഞു.