മുംബൈ: ഭീമ കോറെഗാവ് കേസിൽ വിചാരണ കാത്ത് മൂന്നു വർഷമായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തക സുധ ഭരദ്വാജിന് ബോംബെ ഹൈക്കോടതി ബുധനാഴ്ച സ്വാഭാവിക ജാമ്യം അനുവദിച്ചു. സുധീർ ധാവളെയും റോണ വിൽസണും ഉൾപ്പെടെ എട്ടു കൂട്ടുപ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.

ഈ കേസിലെ കുറ്റപത്രം സ്വീകരിക്കുകയും പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടുകയും ചെയ്ത പുണെ അഡീഷണൽ സെഷൻസ് കോടതിക്ക് അതിനുള്ള അധികാരം ഇല്ലായിരുന്നുവെന്ന വാദം അംഗീകരിച്ചാണ് അഭിഭാഷക കൂടിയായ സുധ ഭരദ്വാജിന് ജസ്റ്റിസ് എസ്.എസ്. ഷിന്ദേയും എൻ.ജെ. ജമാദാറുമടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. ബൈക്കുള വനിതാജയിലിൽ കഴിയുന്ന സുധ ഭരദ്വാജിനെ മുംബൈയിലെ പ്രത്യേക എൻ.ഐ.എ. കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥകൾ എൻ.ഐ.എ. കോടതിയാണ് തീരുമാനിക്കുക.

ഈ കേസിൽ എൻ.ഐ.എ. സമർപ്പിച്ച കുറ്റപത്രം സ്വീകരിച്ചതും 2019 സെപ്റ്റംബർ 15-ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതും പുണെ അഡീഷണൽ സെഷൻസ് ജഡ്ജി കെ.ഡി. വദനേയായിരുന്നു. യു.എ.പി.എ. ചുമത്തപ്പെടുകയും എൻ.ഐ.എ. ഏറ്റെടുക്കുകയും ചെയ്ത കേസ് കൈകാര്യം ചെയ്യാൻ അഡീഷണൽ സെഷൻസ് ജഡ്ജിക്ക് അധികാരമില്ലെന്നും അതിന് എൻ.ഐ.എ. കോടതിയുടെ പദവിയില്ലായിരുന്നെന്നും ചൂണ്ടിക്കാണിച്ചാണ് സുധ ഭരദ്വാജ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. കുറ്റാരോപിതരുടെ റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞും നീട്ടാൻ ഈ കോടതിക്ക് അധികാരമില്ലെന്നും സുധ ഭരദ്വാജിന് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

സുധ ഭരദ്വാജിനൊപ്പം അറസ്റ്റിലായ സുധീർ ധാവളെ, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമ സെൻ, മഹേഷ് റാവുത്ത്, വരവരറാവു, വെർണൻ ഗോൺസാൽവസ്, അരുൺ ഫെറേറിയ എന്നിവരും ഇതേ വാദമുയർത്തിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നതെങ്കിലും അവർക്ക് ജാമ്യം ലഭിച്ചില്ല. അറസ്റ്റു ചെയ്യപ്പെട്ട് 90 ദിവസം കഴിഞ്ഞപ്പോൾ സുധ ഭരദ്വാജ് സ്വാഭാവിക ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. മറ്റു പ്രതികൾ അന്ന് ജാമ്യാപേക്ഷ നൽകിയിരുന്നില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് അവരുടെ ഹർജി തള്ളിയത്. ഈ കേസിൽ എൻ.ഐ.എ. സമർപ്പിച്ച കുറ്റപത്രം നിലനിൽക്കുമെന്നും കുറ്റപത്രം അസാധുവാണെന്ന പ്രതികളുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.