മുംബൈ: ഗ്രാമീണതൊഴിലാളികൾക്കുള്ള കൂലിയിൽ രാജ്യത്ത് കേരളംതന്നെ ഒന്നാമത്. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കാർഷികേതരമേഖലയിൽ ഗ്രാമീണതൊഴിലാളികൾക്ക് കേരളത്തിൽ വേതനം ലഭിക്കുന്നത്. കൂടുതൽ വ്യവസായങ്ങളുള്ള മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയേക്കാളും ഉയർന്ന കൂലി കേരളത്തിലുണ്ട്.

2020-’21 സാമ്പത്തികവർഷം കാർഷികേതരമേഖലയിലെ ഗ്രാമീണതൊഴിലാളിക്ക് കേരളത്തിൽ ദിവസം ശരാശരി 677.6 രൂപ കൂലിയായി ലഭിക്കുന്നുവെന്നാണ് റിസർവ് ബാങ്കിന്റെ കണക്ക്. ദേശീയ ശരാശരി 315.3 രൂപ മാത്രമാണ്. രാജ്യത്തെ ഏറ്റവുംവലിയ വ്യവസായവത്കൃതസംസ്ഥാനമായ മഹാരാഷ്ട്രയിൽ ശരാശരി കൂലി 262.3 രൂപയാണ്. വ്യവസായവത്കരണത്തിലും വികസനത്തിലും മാതൃകയാണെന്നുപറയുന്ന ഗുജറാത്തിൽ 239.3 രൂപയും. ഉത്തർപ്രദേശിലിത് 286.8 രൂപയും ബിഹാറിൽ 289.3 രൂപയുമാണ്. കേന്ദ്ര തൊഴിൽ ബ്യൂറോയുടെ ‘ഇന്ത്യൻ ലേബർ ജേണലി’ലെ കണക്കുകൾകൂടി അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

കേരളം കഴിഞ്ഞാൽ ഏറ്റവുമുയർന്ന കൂലി ജമ്മുകശ്മീരിലാണ്; 483 രൂപ. തമിഴ്‌നാട്ടിൽ 449.5 രൂപ ശരാശരി ലഭിക്കുന്നു. 20 സംസ്ഥാനങ്ങളുടെ കണക്കുകളാണ് പട്ടികയിലുള്ളത്. ഇതിൽ 15 ഇടത്തും പ്രതിദിന ശരാശരി കൂലി ദേശീയ ശരാശരിയേക്കാൾ കുറവാണ്.

കാർഷികമേഖലയിലെ തൊഴിലിടങ്ങളിലും സമാനമായരീതിയിലാണ് കൂലി കാണിക്കുന്നത്. മുന്നിൽ കേരളം തന്നെ; ശരാശരി 706.5 രൂപ. ജമ്മുകശ്മീർ -501.1, തമിഴ്‌നാട് -432.2, ഗുജറാത്ത് -213.1, മഹാരാഷ്ട്ര -267.7, പഞ്ചാബ് -357, ഹരിയാണ -384.8 എന്നിങ്ങനെ പോകുന്നു മറ്റിടങ്ങളിലെ കണക്ക്. ദേശീയ ശരാശരി 309.9 രൂപയാണ്.

നിർമാണമേഖലയിലും കേരളത്തിൽത്തന്നെയാണ് ഉയർന്ന കൂലി. 829.7 രൂപ. ദേശീയ ശരാശരി 362.2 രൂപയാണ്. നിർമാണരംഗത്ത് തമിഴ്‌നാട്ടിൽ 468.3 രൂപ, മഹാരാഷ്ട്രയിൽ 347.9 രൂപ എന്നിങ്ങനെയാണ് ശരാശരി. ദേശീയ ശരാശരിയിൽ ഏപ്രിൽ മാസത്തെ കണക്കുകളും സംസ്ഥാന ശരാശരിയിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ കണക്കുകളും ലഭ്യമല്ല. രാജ്യത്ത് കോവിഡ് അടച്ചിടൽ ഏർപ്പെടുത്തിയിരുന്ന സമയമാണിത്.

കേരളത്തിൽ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള അതിഥിതൊഴിലാളികളാണ് കൂടുതൽ. സംസ്ഥാന ആസൂത്രണബോർഡ് മാർച്ചിൽ പുറത്തിറക്കിയ റിപ്പോർട്ടുപ്രകാരം 2017-’18 കാലത്ത് 31 ലക്ഷം അതിഥിതൊഴിലാളികളാണുള്ളത്. ഇവർ മാസം ശരാശരി 16,000 രൂപയെങ്കിലും വരുമാനമുണ്ടാക്കുന്നു. ഇതിൽ 4,000 രൂപ മിച്ചം പിടിക്കുന്നതായും കെ.എസ്.പി.ബി. പറയുന്നു.

കാർഷികേതരകൂലി ഇന്ത്യയിൽ

ദേശീയ ശരാശരി -315.3 രൂപ

സംസ്ഥാനം/കേന്ദ്രഭരണപ്രദേശം -ശരാശരി കൂലി

കേരളം -677.6

ജമ്മു കശ്മീർ -483

തമിഴ്‌നാട് -449.5

ഹരിയാണ -384.4

പഞ്ചാബ് -344.2

മഹാരാഷ്ട്ര -262.3

ഗുജറാത്ത് -239.3