ന്യൂഡൽഹി: രണ്ടുഡോസ് കോവിഡ് വാക്സിനുമെടുത്തവർക്ക് ഒരു ബൂസ്റ്റർ ഡോസുകൂടി കൊടുക്കുകയാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണി’നെ പ്രതിരോധിക്കാനുള്ള ഏറ്റവും എളുപ്പവഴിയെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഡോ. ടി. ജേക്കബ് ജോൺ പറഞ്ഞു. വൈറസിന്റെ സ്വഭാവം മാറുമ്പോൾ വാക്സിനെടുത്തവരെ അത് വീണ്ടും ബാധിക്കുന്നത് സാധാരണമാണെന്നും ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ സെന്റർ ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ഇൻ വൈറോളജി മുൻ ഡയറക്ടർകൂടിയായ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങളിൽ 30 ശതമാനമാണ് രണ്ടു ഡോസ് വാക്സിനുമെടുത്തിട്ടുള്ളത്. 30 ശതമാനം പേർക്ക് ആദ്യ തരംഗത്തിൽ കോവിഡ് ബാധിച്ചു. രണ്ടാം തരംഗത്തിൽ 75-80 ശതമാനത്തോളം പേർക്കും കോവിഡ് വന്നു. ഇതിൽപലരും മുമ്പ് കോവിഡ് വന്നവരാണ്.

“ഈപശ്ചാത്തലത്തിൽ, പുതിയ വകഭേദം വരുകയും വ്യാപകമായി പടരുകയും ചെയ്താൽ എന്താകും സംഭവിക്കുകയെന്നത് അപ്രവചനീയമാണ്. ജനങ്ങൾ ഭയക്കുന്നതുപോലെ അവസ്ഥ അത്ര ഭീകരമായേക്കില്ല. മൂന്നാം തരംഗത്തിന് ഇടയാക്കാനും സാധ്യതയില്ല. ഈ വകഭേദത്തെ ഇറക്കുമതിചെയ്യാതിരിക്കുകയാണ് ഏറ്റവും ബുദ്ധിപരമായ കാര്യം. അതിനൊപ്പം ജനങ്ങളുടെ പ്രതിരോധശേഷി കൂട്ടുകയെന്നതും. അതായത് വാക്സിനെടുക്കാത്തവർക്കെല്ലാം അതുനൽകുക. രണ്ടു ഡോസും പൂർത്തിയാക്കിയവർക്ക് ഒരു ഡോസുകൂടി അധികമായി നൽകുക. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസും കുട്ടികളുൾപ്പെടെ മറ്റുള്ളവർക്കെല്ലാം ആദ്യ ഡോസും കൊടുക്കുക. ഗർഭിണികൾക്ക് ആദ്യ ഗർഭകാലത്ത് കഴിവതും നേരത്തേ രണ്ടു ഡോസ് വാക്സിനും നൽകുക. രണ്ടാമത്തെ ഗർഭകാലത്ത് ബൂസ്റ്റർ ഡോസും കൊടുക്കുക” -ജോൺ പറഞ്ഞു.