കൊൽക്കത്ത: സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളും പ്രധാനസേവനങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ‘സർക്കാർ വാതിൽക്കൽ’ പരിപാടി പശ്ചിമബംഗാളിൽ ആരംഭിച്ചു. ജനുവരി 28 വരെയുണ്ടാവും.
അപേക്ഷകളിലെ സാങ്കേതികപ്പിഴവുകൾമൂലം ആനുകൂല്യം കിട്ടാത്തവർ, പുതുതായി അപേക്ഷിക്കുന്നവർ എന്നിവർക്കെല്ലാം സർക്കാരിന്റെ പത്തുപദ്ധതികളിലൂടെ സഹായമെത്തിക്കും. ജനങ്ങൾക്ക് ക്യാമ്പുകളിൽ നേരിട്ടെത്തി സഹായം െകെപ്പറ്റാം. രണ്ടുമാസത്തിൽ 20,000 ക്യാമ്പുകളാണ് പലയിടത്തായി തുറക്കുകയെന്ന് ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ അറിയിച്ചു.
പട്ടികജാതി/വർഗ വിഭാഗങ്ങളിലെ 65 വയസ്സിനുമേൽ പ്രായമുള്ളവർക്ക് മാസം 1000 രൂപ പെൻഷൻ, ഇതേ വിഭാഗത്തിലെ വിദ്യാർഥികൾക്ക് പഠനസഹായം, റേഷൻകാർഡില്ലാത്തവർക്ക് ഉടൻ റേഷൻ കാർഡ്, ഹെൽത്ത് കാർഡ്, അഞ്ചുലക്ഷം രൂപവരെ ചികിത്സാസൗജന്യം തുടങ്ങിയവയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.