ന്യൂഡൽഹി: ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ നാവികമാതൃക ഇന്ത്യ വീണ്ടും പരീക്ഷിച്ചു. മൂന്നു സേനകളുടെയും പോരാട്ടവീര്യം അവലോകനം ചെയ്യുന്നതിന്റെയും ഏകോപനത്തിന്റെയും ഭാഗമായുള്ള പരീക്ഷണം വിജയകരമായിരുന്നെന്ന് അധികൃതർ അറിയിച്ചു.
ലക്ഷ്യം ഭേദിക്കുന്നതിലും കൃത്യതയിലും വേഗത്തിലും പേരുകേട്ട ബ്രഹ്മോസ് മിസൈലിന്റെ നാവികപ്പതിപ്പിന്റെ രണ്ടാംപരീക്ഷണം ബംഗാൾ ഉൾക്കടലിലായിരുന്നു. ഒക്ടോബർ 18-ന് സമാന പരീക്ഷണം അറബിക്കടലിൽ നാവികസേന തദ്ദേശീയമായി നിർമിച്ച വിക്ഷേപണക്കപ്പലിൽനിന്ന് നടന്നിരുന്നു.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ.യും റഷ്യയിലെ എൻ.പി.ഒ.എമ്മും ചേർന്നാണ് ബ്രഹ്മോസ് വികസിപ്പിച്ചത്. ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌കാ നദിയുടെയും പേര് ചേർത്തായിരുന്നു നാമകരണം. അന്തർവാഹിനി, കപ്പൽ, വിമാനം, കര എന്നിവിടങ്ങളിൽനിന്ന് വിക്ഷേപിക്കാൻ കഴിയുന്ന മിസൈലുകളാണ് നിർമിക്കുന്നത്. നവംബർ 24-ന് ആൻഡമാൻ നിക്കോബറിൽ കരസേന ബ്രഹ്മോസിന്റെ ഭൂതലമാതൃക വിജയകരമായി പരീക്ഷിച്ചിരുന്നു. ശബ്ദത്തിന്റെ മൂന്നിരട്ടി (2.8 മാക്) വേഗത്തിലായിരുന്നു ഇത്. യഥാർഥ വേഗമായ 290 കിലോമീറ്ററിൽനിന്ന് 400 കിലോമീറ്ററായി ഉയർത്തിയതായിരുന്നു ഭൂതലമാതൃക. ഒക്ടോബർ 30-ന് ബംഗാൾ ഉൾക്കടലിൽ സുഖോയ് വിമാനത്തിൽനിന്നുള്ള വ്യോമമാതൃകയുടെ പരീക്ഷണവും വിജയിച്ചു. നാൽപ്പതോളം സുഖോയ് വിമാനങ്ങളിൽ ബ്രഹ്മോസ് ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ വ്യോമസേന തുടരുന്നുണ്ട്.
ലഡാക്കിലും അരുണാചൽപ്രദേശിലും യഥാർഥ നിയന്ത്രണരേഖയോട് ചേർന്ന് തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ബ്രഹ്മോസ് മിസൈലുകളും മറ്റ് പോരാട്ട സംവിധാനങ്ങളും ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. രുദ്രം-1 എന്ന റേഡിയേഷൻ വിരുദ്ധ മിസൈൽ ഉൾപ്പെടെയുള്ളവയും ഒപ്പം പരീക്ഷിച്ചു.