മുംബൈ: സൂറത്ത്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന വജ്രവ്യാപാരസ്ഥാപനമായ ഹരികൃഷ്ണ എക്സ്‌പോർട്സ്‌ വർളിയിലെ പൻഗാർ ബംഗ്ലാവ്‌ 185 കോടിക്ക്‌ വാങ്ങി. വർളി കടൽത്തീരത്തിന്‌ അഭിമുഖമായുള്ള വിശാലമായ ബംഗ്ലാവ്‌ എസാർ ഗ്രൂപ്പിൽനിന്നാണ്‌ ഹരികൃഷ്ണ എക്സ്‌പോർട്സ്‌ വാങ്ങിയത്‌. 19,886 ചതുരശ്രയടി വിസ്തൃതിയിലുള്ള ബഹുനിലബംഗ്ലാവാണിത്‌. മുംബൈയിൽ അടുത്തയിടെ നടന്ന വലിയ റിയൽഎസ്റ്റേറ്റ്‌ ഇടപാടുകളിലൊന്നുകൂടിയാണിത്. ഘനശ്യാം ധനാജി ഭായി ദോലാക്കിയായുടെ നേതൃത്വത്തിലുള്ള വജ്രവ്യാപര സ്ഥാപനമാണ്‌ ഹരികൃഷ്ണ എക്സ്‌പോർട്സ്. കുടുംബാംഗങ്ങൾക്കെല്ലാം താമസിക്കാനായി വിശാലമായ ബംഗ്ലാവിനുവേണ്ടിയുള്ള അന്വേഷണം പൻഗാർ ബംഗ്ലാവിൽ ചെന്നെത്തുകയായിരുന്നുവെന്ന്‌ ഘനശ്യാം ദോലാക്കിയ പറഞ്ഞു.

ജീവനക്കാർക്ക്‌ ദീപാവലി സമ്മാനമായി വിലപിടിച്ച കാറുകളും ഫ്ലാറ്റുകളും നൽകി വാർത്തകളിൽ ഇടംപിടിച്ച വജ്രവ്യാപരികളാണിവർ. 5500 ജീവനക്കാരാണ്‌ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവർ. അവരിൽ 4000 പേർക്കും ഇതിനകം വിലപിടിച്ച സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. 2018-ൽ 25 വർഷം സേവനം പൂർത്തികരിച്ച ജീവനക്കാർക്ക്‌ മേഴ്‌സിഡസ്‌ ബെൻസ്‌ ഉൾപ്പെടെയുള്ള കാറുകളാണ്‌ ഉപഹാരമായി നൽകിയത്‌. ജീവനക്കാർക്ക്‌ 600 ഫ്ലാറ്റുകൾ സമ്മാനമായി നൽകിയും ഹരികൃഷ്ണ എക്സ്‌പോർട്സ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.