ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി ചർച്ചചെയ്യാൻ അടിയന്തര പാർലമെന്റ് സമ്മേളനം ആവശ്യപ്പെട്ട പ്രതിപക്ഷം ഇപ്പോൾ ഒളിച്ചോടുന്നത് കേരളത്തിലും മഹാരാഷ്ട്രയിലും വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നതുകൊണ്ടാണോയെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമമന്ത്രി മുക്താർ അബ്ബാസ് നഖ്‍വി.

രണ്ടാംതരംഗം നിയന്ത്രണവിധേയമാകുമ്പോഴും കേരളം, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ രോഗബാധിതർ കൂടുന്നതിനാൽ പാർലമെന്റിലെ ചർച്ച ബൂമറാങ് പോലെ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷം ഭയക്കുകയാണോ? വിശദമായ ചർച്ചനടന്നാൽ ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രതിക്കൂട്ടിലാകുമെന്ന് പ്രതിപക്ഷത്തിന് ഭയമുണ്ടോയെന്നും മന്ത്രി പ്രസ്താവനയിൽ ചോദിച്ചു.

കോവിഡ് പ്രതിസന്ധി ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്താൻ പാർലമെന്റ് യോഗം ചേരണമെന്ന് കഴിഞ്ഞ ആറുമാസമായി ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷം. എന്നാൽ, വർഷകാലസമ്മേളനത്തിൽ ഒരു ദിവസംപോലും പങ്കെടുക്കാൻ താത്‌പര്യം പ്രകടിപ്പിക്കുന്നില്ല. രാജ്യത്തെ ‘പുരാതന കക്ഷി’യായ കോൺഗ്രസ് പ്രതിപക്ഷകക്ഷികളുടെ നിരുത്തരവാദരാഷ്ട്രീയത്തിന്റെ നേതാവായി പ്രവർത്തിക്കുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.