നവിമുംബൈ: അർബുദ ചികിത്സാരംഗത്തെ അത്യാധുനിക സംവിധാനമായ പ്രോട്ടോൺ തെറാപ്പി ചികിത്സയ്ക്ക് തുടക്കം കുറിക്കാൻ നവി മുംബൈയിലെ ഖാർഘറിലുള്ള ടാറ്റ മെമ്മോറിയൽ സെന്റർ തയ്യാറെടുക്കുന്നു. ബെൽജിയം കമ്പനിയായ ഐ.ബി.എ. യുമായി സഹകരിച്ച് സ്ഥാപിച്ച പ്രോട്ടോൺ തെറാപ്പി മെഷീനിന്റെ ക്ലിനിക്കൽ ട്രയൽ നടന്നു.

ആണവോർജ വകുപ്പിന്റെ കീഴിലാണ് ടാറ്റാമെമ്മോറിയൽ സെന്റർ പ്രവർത്തിക്കുന്നത്. ഡി.എ.ഇ. (ഡിപ്പാർട്ട്മെന്റ് ഒാഫ് അറ്റോമിക് എനർജി) യുടെ അനുമതി കിട്ടിയാൽ ഈ വർഷം അവസാനത്തോടെ ചികിത്സ തുടങ്ങാൻ കഴിയുമെന്ന് ടാറ്റ മെമ്മോറിയൽ സെന്ററിന്റെ അക്കാദമിക് തലവൻ ഡോ. സിദ്ധാർഥ ലസ്‌കർ പറഞ്ഞു. കുറഞ്ഞ നിരക്കിലാണ് അർബുദ രോഗികൾക്ക് ഇവിടെ ചികിത്സനൽകുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യചികിത്സ ലഭ്യമാക്കും. കുട്ടികൾക്ക് മുൻഗണന നൽകും. മെഷീൻ പൂർണമായും പ്രവർത്തനസജ്ജമായാൽ ഒരുവർഷം 800 രോഗികളെ ചികിത്സിക്കാനാകും. ഇതിൽ പകുതിപേർക്കും ചികിത്സ സൗജന്യമായിരിക്കുമെന്നും ഡോ. സിദ്ധാർഥ ലസ്‌കർ വ്യക്തമാക്കി.

കോവിഡ് ഭീഷണി നിലനിൽക്കുമ്പോഴും റെക്കോഡ് വേഗത്തിലാണ് 1100 ടൺ ഭാരമുള്ള പ്രോട്ടോൺ തെറാപ്പി മെഷീൻ സ്ഥാപിക്കുന്ന പ്രക്രിയ പൂർത്തിയാക്കിയത്. അർബുദ ചികിത്സയിൽ ലോകത്തിലെത്തന്നെ മികച്ച സങ്കേതിക വിദ്യയാണ് പ്രോട്ടോൺ തെറാപ്പി. മറ്റുകോശങ്ങൾക്ക് നാശമുണ്ടാക്കാതെ അർബുദം ബാധിച്ച കോശങ്ങളെ മാത്രം സൂക്ഷ്മമായും കൃത്യമായും നശിപ്പിക്കാൻ പ്രോട്ടോൺ തെറാപ്പി ചികിത്സകൊണ്ട് സാധിക്കും. ഇന്ത്യയിൽ പൊതുമേഖലയിൽ ആദ്യ ചികിത്സാസംരംഭമാണിത്. ടാറ്റാമെമ്മോറിയൽ സെന്ററിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് പ്രോട്ടോൺ തെറാപ്പിചികിത്സ എന്ന് ടി.എം.സി. ഡയറക്ടർ ഡോ. രാജേന്ദ്ര ബദ്‌വെ പറഞ്ഞു.