ബെംഗളൂരു: ‘സിലിക്കൺ വാലി’ക്ക് പകരം ‘ടെക് ഹള്ളി’ എന്ന പേര് ബെംഗളൂരുവിന് നിർദേശിച്ച് ട്വിറ്റർ കാമ്പയിൻ. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് കഴിഞ്ഞ ചൊവ്വാഴ്ച ബെംഗളൂരുവിന് പുതിയ പേര് നിർദേശിക്കാൻ ട്വിറ്റർ ഉപയോക്താക്കളോട് ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് ഒട്ടേറെ ട്വിറ്റർ ഉപയോക്താക്കൾ ബെംഗളൂരുവിന് പുതിയ പേര് നിർദേശിച്ച് രംഗത്തെത്തുകയായിരുന്നു. ഇൻഫോസിസ് സഹ സ്ഥാപകൻ നന്ദൻ നിലേക്കനിയുടെ സഹായത്തോടെ നാല് പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തെന്നും ഇതിൽ അനുയോജ്യമായത് തിരഞ്ഞെടുക്കുകയും ചെയ്തതായി ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു.

ശ്രീനിവാസ് പി. റെഡ്ഡി എന്ന ആളാണ് ‘ടെക് ഹള്ളി’ എന്ന പേര് നിർദേശിച്ചത്. ഹള്ളി എന്നാൽ കന്നഡയിൽ ഗ്രാമം, സ്ഥലം എന്നാണർഥം. സിലിക്കൺ വാലി ആകുന്നതിന് മുമ്പ് ബെംഗളൂരു ഹള്ളി ആയിരുന്നെന്നും നമ്മുടെ വേരുകൾ മറക്കരുതെന്നുള്ള ഓർമപ്പെടുത്തലാണ് ടെക് ഹള്ളി എന്നും ഒരു ട്വിറ്റർ ഉപഭോക്താവ് പറഞ്ഞു.

അതേസമയം, ‘ടെക് ഹള്ളി’ എന്ന പേരിനെ വിമർശിച്ചും ചിലർ രംഗത്തെത്തി. അന്തർദേശീയ വിഷയങ്ങളിൽ ‘ടെക് ഹള്ളി’ എന്നു പറയുമ്പോൾ കന്നഡ അറിയാത്തവർക്ക് മനസ്സിലാകില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ബെംഗളൂരുവിനെ ഇന്ത്യയുടെ സിലിക്കൺ വാലി എന്നു വിളിക്കുന്നത് ആനന്ദിപ്പിക്കുന്നില്ലെന്നും അതിനാൽ പുതിയ പേര് നിർദേശിക്കുന്നയാൾക്ക് പ്രത്യേക സമ്മാനം നൽകുമെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു.

Content highlight: 'TecHalli' new name for 'Silicon Valley' Bengaluru