ഹൈദരാബാദ്: തെലങ്കാനയിലെ കോളേജിൽ വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണംചെയ്തെന്ന പരാതിയിൽ രാജ്യസഭാ എം.പി. ഡി. ശ്രീനിവാസിന്റെ മകൻ ഡി. സഞ്ജയിനെ പോലീസ് അറസ്റ്റുചെയ്തു. നിസാമാബാദ് മുൻ മേയർകൂടിയാണ്‌ സഞ്ജയ്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്.) നേതാവാണ്‌ ശ്രീനിവാസ്.

ചോദ്യംചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. കഴിഞ്ഞവർഷമാണ്‌ സഞ്ജയ്‌യുടെ പേരിൽ കേസെടുത്തത്. നിസാമാബാദ് ജില്ലയിലെ ബോർഗാവിലുള്ള ശാങ്കരി നഴ്സിങ് കോളേജിലെ വിദ്യാർഥിനികളുടെ പരാതിയിലാണ് അറസ്റ്റ്. കോളേജിന്റെ ഉടമകൂടിയാണ്‌ സഞ്ജയ്.

പരാതിയുമായി ഇവർ ആഭ്യന്തരമന്ത്രി എൻ. നരസിംഹ റെഡ്ഡിയെ കണ്ടിരുന്നു. നിർഭയ നിയമപ്രകാരവും ഐ.പി.സി. നിയമപ്രകാരവുമാണ് കേസെടുത്തത്.