ന്യൂഡൽഹി: വായുമലിനീകരണം അതിരൂക്ഷമായതോടെ രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യം.

സർക്കാർ ഓഫീസുകളിൽ പൂർണമായി ഒരാഴ്ചത്തേക്ക്‌ ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. തിങ്കളാഴ്ചമുതൽ സ്കൂളുകളും ഒരാഴ്ച അടച്ചിടും. ഓൺലൈൻ ക്ലാസുകൾ തുടരും. ഞായറാഴ്ചമുതൽ 17 വരെ നിർമാണപ്രവർത്തനങ്ങളും നിർത്തിവെച്ചു. ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി സ്വകാര്യസ്ഥാപനങ്ങളും പരമാവധി ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ദീപാവലിക്കുശേഷം അതിഗുരുതരാവസ്ഥയിലാണ് ഡൽഹിയിലെ അന്തരീക്ഷം. ശനിയാഴ്ച രാവിലെ വായുനിലവാരസൂചികയിൽ 471 രേഖപ്പെടുത്തി. സൂചികയിൽ 400-500 രേഖപ്പെടുത്തിയാൽ അതിതീവ്രമായ അന്തരീക്ഷമലിനീകരണം എന്നാണർഥം. അന്തരീക്ഷം പുകപടലങ്ങളാൽ മൂടിക്കെട്ടിയതോടെ നഗരവാസികൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലായി. അടിയന്തരനടപടികളെടുക്കാൻ വെള്ളിയാഴ്ചതന്നെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യവാഹനങ്ങൾ 30 ശതമാനമായി കുറയ്ക്കുക, ഒറ്റയക്ക-ഇരട്ടയക്ക നമ്പർ ക്രമീകരണം നടപ്പാക്കി വാഹനങ്ങൾ നിയന്ത്രിക്കുക, സ്കൂളുകൾ അടച്ചിടുക എന്നിവ നിർദേശിച്ചു. ജനങ്ങൾ പരമാവധി വീടുകളിൽത്തന്നെ ഇരിക്കണമെന്നും ജാഗ്രതാനിർദേശം നൽകി. ശനിയാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌തന്നെ വായുമലിനീകരണം നേരിടാൻ സത്വരനടപടി ആവശ്യപ്പെട്ടതോടെ ഡൽഹി സർക്കാർ ഉന്നതതലയോഗം വിളിച്ച് നടപടികളെടുക്കുകയായിരുന്നു.

‘സ്ഥിതി വഷളായാൽ സമ്പൂർണ അടച്ചിടൽ വേണമോയെന്ന് സുപ്രീംകോടതിയിൽ ചർച്ചയുണ്ടായി. “എന്തു ചെയ്യാനാവുമെന്ന് ആലോചിച്ചുവരികയാണ് ഞങ്ങൾ. ഒരു കരടുനിർദേശം തയ്യാറാക്കി സുപ്രീംകോടതിയിൽ സമർപ്പിക്കും. നിർമാണപ്രവർത്തനം, വാഹനഗതാഗതം തുടങ്ങിയവയൊക്കെ നിർത്തിവെക്കേണ്ടി വരും”- യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.