ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തുന്ന ‘മീ ടു’ മുന്നേറ്റം ഹിന്ദി ചലച്ചിത്ര മേഖലയിൽ വീണ്ടും അലയൊലികൾ തീർക്കുന്നു.

സിനിമാ ചിത്രീകരണത്തിനിടെ അപമാനിച്ചെന്ന നടി തനുശ്രീ ദത്തയുടെ പരാതിയിൽ പ്രശസ്ത നടൻ നാനാ പടേക്കർക്കും മറ്റ് മൂന്നുപേർക്കുമെതിരേ മുംബൈ പോലീസ് കേസെടുത്തു. ലൈംഗികാതിക്രമക്കേസിൽ നടപടി നേരിടുന്നയാളുമായി സഹകരിക്കാനാവില്ലെന്ന് പ്രശസ്ത നടൻ ആമിർ ഖാൻ വ്യക്തമാക്കിയതിനെത്തുടർന്ന് ’മുഗൾ’ സിനിമയുടെ സംവിധായകൻ സുഭാഷ് കപുറിനെ നിർമാതാവ് മാറ്റി. പത്തുവർഷം മുമ്പ് ’ഹോൺ ഒ.കെ. പ്ലീസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നായകനടനായ നാനാ പടേക്കർ അപമര്യാദയായി പെരുമാറിയെന്ന തനുശ്രീ ദത്തയുടെ പരാതിയിലാണ് ഓഷിവാര പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ഗാന ചിത്രീകരണത്തിനിടെ നൃത്തച്ചുവടുകൾ പഠിപ്പിക്കുകയാണെന്ന ഭാവത്തിൽ നടൻ തനുശ്രീയെ ചേർത്തുപിടിക്കുകയും ശരീരഭാഗങ്ങളിൽ അനാവശ്യമായി സ്പർശിക്കുകയും ചെയ്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

സിനിമയുടെ നിർമാതാവ് സമീ സിദ്ദിഖിന്റെയും നൃത്ത സംവിധായകൻ ഗണേഷ് ആചാര്യയുടെയും സംവിധായകൻ രാകേഷ് സാരംഗിന്റെയും പേരും ഇതിലുണ്ട്. നൃത്തസംവിധായകനും സംവിധായകനും നോക്കിനിൽക്കേയാണ് ഗാനരംഗത്തിൽ പങ്കാളിയല്ലാത്ത നാനാ പടേക്കർ ചിത്രീകരണത്തിൽ ഇടപെട്ടതെന്ന് തനുശ്രീ പറയുന്നു.

ഇത് എതിർത്തതിന്റെപേരിൽ നടൻ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയതായും സിനിമയുടെ പിന്നണിയിലുള്ളവർ അതിനെല്ലാം മൗനസമ്മതം നൽകിയതായും പരാതിയിൽ പറയുന്നു. ഈ സംഭവത്തിൽ നാനാപടേക്കർക്കും മുംബൈ പോലീസിനും മഹാരാഷ്ട്ര വനിതാ കമ്മിഷൻ ബുധനാഴ്ച നോട്ടീസ് അയച്ചിരുന്നു.

പ്രശസ്ത നടൻ ആമിർഖാന്റെയും ഭാര്യയും സംവിധായകയുമായ കിരൺ റാവുവിന്റെയും ഇടപെടലിനെത്തുടർന്നാണ് കൊല്ലപ്പെട്ട ടി സീരീസ് മേധാവി ഗുൽഷൻ കുമാറിന്റെ കഥ പറയുന്ന ’മുഗൾ’ എന്ന സിനിമയുടെ സംവിധാനച്ചുമതലയിൽനിന്ന് സുഭാഷ് കപുറിനെ മാറ്റിയത്.

സഹപ്രവർത്തകരിൽ ചിലർക്കെതിരേ ലൈംഗികാരോപണം നിലവിലുള്ള സാഹചര്യത്തിൽ സിനിമയുടെ നിർമാണച്ചുമതലയിൽ നിന്ന് പിൻമാറുകയാണെന്ന് ആമിറും കിരണും പറഞ്ഞിരുന്നു. നാലു വർഷം മുമ്പ് നടി ഗീതാ ത്യാഗിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നിയമ നടപടി നേരിടുന്നയാളാണ് സുഭാഷ് കപുർ. കപുറിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും അദ്ദേഹവുമായി സഹകരിക്കാനില്ലെന്നാണ് ആമിറും കിരണും പരോക്ഷമായി പറഞ്ഞത്. സിനിമാരംഗം എല്ലാവർക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാവുന്ന മേഖലയായിരിക്കണമെന്ന കാര്യത്തിൽ തങ്ങൾക്ക് നിർബന്ധമുണ്ടെന്ന് അവർ വ്യക്തമാക്കിയിരുന്നു.

ആമിറിന്റെയും കിരണിന്റെയും പ്രസ്താവന വന്നതിനു പിന്നാലെയാണ് സുഭാഷ് കപുറിനെ സംവിധാനച്ചുമതലയിൽനിന്ന് മാറ്റിയതായി മുഗളിന്റെ സഹനിർമാതാവും ഗുൽഷൻ കുമാറിന്റെ മകനുമായ ഭൂഷൺ കുമാർ അറിയിച്ചത്. ആമിറിന്റെ നിലപാടിനെ മാനിക്കുന്നതായി ആരോപണവിധേയനായ സുഭാഷ് കപുർ പറഞ്ഞു. ആമീറും കിരൺ റാവുവും നൽകിയ പിന്തുണയ്ക്ക് ഗീത ത്യാഗി നന്ദി അറിയിച്ചു.