ചെന്നൈ: അതിവേഗത്തിൽ കാറോടിച്ച് അപകടം വരുത്തിയ കേസിൽ നടൻ വിക്രമിന്റെ മകൻ ധ്രുവിനെ പോലീസ് അറസ്റ്റ്ചെയ്തു.

ചെന്നൈ ടി.ടി.കെ. റോഡിൽ ഞായറാഴ്ച പുലർച്ചെ നാലരയോടെയുണ്ടായ അപകടത്തിൽ ധ്രുവിന്റെ കാറിടിച്ച് ഓട്ടോറിക്ഷാഡ്രൈവർക്ക് പരിക്കേറ്റ സംഭവത്തെത്തുടർന്നാണ് ധ്രുവിനെയും മറ്റ് രണ്ട് സുഹൃത്തുകളെ അറസ്റ്റുചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. അതിവേഗത്തിൽ വാഹനമോടിച്ചു, പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും ഭീഷണിയാകുന്ന വിധം പ്രവർത്തിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

മന്ദവേലിയിൽനിന്ന് ടി.ടി.കെ. റോഡ് വഴി ആർ.കെ.ശാലയിലേക്ക് വരുമ്പോഴായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിനുശേഷം നിർത്താതെ പോയ കാർ പിന്നീട് തേനാംപേട്ട് നടപ്പാതയിൽ ഇടിച്ചുനിന്നു. പോലീസെത്തി ചോദ്യംചെയ്യുകയും ധ്രുവിനെയും സുഹൃത്തുകളെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോലീസ് വാഹനത്തിൽ കയറാൻ തയ്യാറാകാതെ ധ്രുവിന്റെ സുഹൃത്തുക്കളിൽ ഒരാളായ രാഹുൽ പോലീസുമായി വാഗ്വാദത്തിൽ ഏർപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ധ്രുവ് മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയെന്ന ആരോപണം പോലീസ് നിഷേധിച്ചു. അതിവേഗത്തിൽ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അപകടത്തിൽ കാറിന്റെ പിൻഭാഗവും മുൻഭാഗവും തകർന്നു. ഓട്ടോറിക്ഷയുടെ ഒരു വശം പൂർണമായും നശിച്ചു. പരിക്കേറ്റ ഓട്ടോഡ്രൈവർ കാമേഷ് ആശുപത്രിയിൽ ചികിത്സതേടി. പ്രമുഖ തമിഴ് സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ ‘വർമ’യിലെ നായകവേഷത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ധ്രുവ്.