ഭറൂച്ച്: കേന്ദ്രത്തിൽ ബി.ജെ.പി. ഭരിക്കുന്നതിനാലാണ് അയോധ്യാ വിധി തങ്ങൾക്കനുകൂലമായതെന്ന് ഗുജറാത്തിലെ ഭറൂച്ചിൽനിന്നുള്ള പാർട്ടി എം.പി. മൻസുഖ് വാസവ. വ്യാഴാഴ്ചനടന്ന ബി.ജെ.പി. പ്രവർത്തകരുടെ യോഗത്തിലാണ് വാസവ വിവാദപരാമർശം നടത്തിയത്.

രാമജന്മഭൂമിപ്രശ്നം ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പാരംഭിച്ചതാണെന്നും എന്നാൽ, കേന്ദ്രത്തിൽ ബി.ജെ.പി. സർക്കാർ ഭരിക്കുന്നതിനാൽ ഇക്കുറി വിധി അനുകൂലമായെന്നുമായിരുന്നു വാസവയുടെ പ്രസംഗം.

പ്രസംഗം വൈറലായതോടെ വെള്ളിയാഴ്ച ഭറൂച്ച് കോൺഗ്രസ് അധ്യക്ഷൻ പരിമൾസിങ് റാണ വിമർശനവുമായെത്തി. പരാമർശം മതവിദ്വേഷം പടർത്തുന്നതാണെന്ന് ആരോപിച്ച കോൺഗ്രസ് വാസവ മാപ്പുപറയണമെന്നാവശ്യപ്പെട്ടു. എന്നാൽ, വിധിക്കുശേഷം രാജ്യത്തെ ക്രമസമാധാനം കൈകാര്യം ചെയ്യുന്നതിൽ ബി.ജെ.പി. വിജയിച്ചുവെന്നുമാത്രമാണ് താൻ പറഞ്ഞതെന്ന്‌ വിശദീകരിച്ച് എം.പി. തടിതപ്പി.