ക്ലാസ്‌ മുറികളിൽ പഠിച്ച കാര്യങ്ങൾ പരീക്ഷണ നിരീക്ഷണത്തിലൂടെ മനസ്സിലാക്കുന്നതിനും ശാസ്ത്രപരവും സാങ്കേതികവുമായ കഴിവുകൾ വളർത്തുന്നതിനും പ്രാക്ടിക്കൽ ക്ലാസുകൾക്ക് സവിശേഷ സ്ഥാനമുണ്ട്. 
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെർച്വൽ ലാബ് ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് പലതരത്തിലും പ്രയോജനകരമാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ നേരിട്ട് പരീക്ഷണങ്ങൾ ചെയ്യാനാവാത്തതും അധ്യാപകരും വിദ്യാർഥികളും തമ്മിലും വിദ്യാർഥികൾക്കിടയിലുമുള്ള ചർച്ചകൾ നടക്കുന്നില്ലായെന്നതും അക്കാദമിക് മേഖലയിൽ ഇപ്പോൾ നേരിടുന്ന പ്രശ്നമാണ്. ഇവിടെയാണ് സ്വന്തമായി പരീക്ഷണങ്ങൾ ചെയ്തു ബോധ്യപ്പെടുന്നതിനും ഓൺലൈൻ തിയറി ക്ലാസുകളുമായി അവ ബന്ധപ്പെടുത്തുന്നതിനും വെർച്വൽ ലാബ് പ്രയോജനകരമാകുന്നത്. 

ഐ.ഐ.ടി.കൾക്കൊപ്പം

ലബോറട്ടറി അനുഭവങ്ങൾ ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രധാനഘടകമാണ്. നൂതന ആശയങ്ങൾ മനസ്സിലാക്കാൻ സമ്പൂർണമായ ഒരു പഠനസമ്പ്രദായമാണ് വെർച്വൽ ലാബ് ലക്ഷ്യംവെക്കുന്നത്. ശാസ്ത്രസാങ്കേതിക മേഖലയിൽ പരിജ്ഞാനമുള്ള തലമുറയെ സൃഷ്ടിക്കാൻ വെർച്വൽ ലാബ് സഹായകരമാണ്. ഇതിനു പിന്നിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോടൊപ്പം ഐ.ഐ. ടി. ബോംബെ, ഐ.ഐ.ടി. ഡൽഹി, ഐ.ഐ.ടി., ഖരക്പുർ, ഐ.ഐ.ടി. ഹൈദരാബാദ്, ഐ.ഐ.ടി. റൂർക്കി, ഐ.ഐ.ടി. കാൺപുർ, ഐ.ഐ.ടി. ഗുവാഹാട്ടി, എൻ.ഐ. ടി.കെ. സൂരത്കൽ ഉൾപ്പെടെയുള്ള ദേശീയസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.  

വിഷയങ്ങൾ

എൻജിനിയറിങ് ശാഖകളായ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ, കെമിക്കൽ, ബയോടെക്‌നോളജി ആൻഡ് ബയോമെഡിക്കൽ, സിവിൽ, ശാസ്ത്രവിഷയങ്ങളായ ഫിസിക്കൽ സയൻസ്, കെമിക്കൽ സയൻസ് എന്നീ വിഷയങ്ങളിലെ പരീക്ഷണങ്ങൾ ഈ വെർച്വൽ ലാബിൽ സജ്ജമാക്കിയിട്ടുണ്ട്.  

പ്രായോഗിക കഴിവുകൾ നേടുക

കേരളത്തിൽ എ.പി.ജെ. അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകളെ എൻ.
ഐ.ടി.കെ. സൂരത്കലുമായാണ് ബന്ധപ്പെടുത്തിയത്. ഇതുവഴി വെർച്വൽ ലാബിലെ പരീക്ഷണ സൗകര്യങ്ങൾ വിദ്യാർഥികൾക്ക് ലഭിക്കും. ഇന്റർനെറ്റ്, വിഷ്വൽ എയ്ഡ്‌സ് മുതലായവ ഉപയോഗിച്ച് ഉപകരണങ്ങൾ ഇല്ലാതെ പരീക്ഷണങ്ങൾ നടത്താൻ കഴിയും.  ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും അറിവ് വർധിപ്പിക്കുന്നതിനും വെർച്വൽ ലാബ് സഹായിക്കും. ചെലവുകുറഞ്ഞ മാർഗത്തിലൂടെയും വിദൂരപഠന പ്രവർത്തനങ്ങളിലൂടെയും പഠിതാക്കൾക്ക് ആവശ്യമായ പ്രായോഗിക കഴിവുകൾ ലഭ്യമാക്കാൻ വെർച്വൽ ലാബ് അവസരംനൽകുന്നു. 
വിവരങ്ങൾക്ക്: www.vlab.co.in 
(കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എൻജിനിയറിങ്ങിലെ റിസർച്ച് ഡീൻ ആണ് ലേഖകൻ)