മികച്ച അക്കാദമിക് പശ്ചാത്തലമുള്ള ക്രിയേറ്റീവ് ഇൻറർഡിസിപ്ലിനറി കാഴ്ചപ്പാടോടെ ഗവേഷണരംഗത്തെ വെല്ലുവിളികൾ ഏറ്റെടുക്കുന്ന യുവഗവേഷകരിൽനിന്നു ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.), ഏർളി കരിയർ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

ഫെലോഷിപ്പ്

മാസ ഫെലോഷിപ്പ് ഒരുലക്ഷം രൂപയാണ്. ട്രെയിനിങ് പ്രോഗ്രാമുകൾ, വർക്‌ഷോപ്പുകൾ, കോൺഫറൻസുകൾ തുടങ്ങിയവയ്ക്ക് വിദേശയാത്രകൾ നടത്തുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന പ്രൊഫഷണൽ െഡവലപ്‌മെന്റ്‌ ഗ്രാൻഡ് ആയി വർഷം രണ്ടുലക്ഷം രൂപവരെ ലഭിക്കാം. കൂടാതെ സെമിനാറുകൾ, വർക്‌ഷോപ്പുകൾ, മറ്റ് സ്കോളേർലി പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാൻവേണ്ട ഫണ്ടിങ്ങിനായി വ്യക്തിഗത നിർദേശങ്ങൾ വിശിഷ്ടാംഗത്തിന് നൽകാം. തുടക്കത്തിൽ ഒരുവർഷത്തേക്കാണ് ഫെലോഷിപ്പ് അനുവദിക്കുക. മികവ് തെളിയിച്ചാൽ ഒരുവർഷത്തേക്കുകൂടി അത് നീട്ടാം. 

യോഗ്യത

2020 ജനുവരി ഒന്നിനോ ശേഷമോ ഒരു ഇന്ത്യൻ സർവകലാശാലയിൽനിന്നോ  സ്ഥാപത്തിൽനിന്നോ പിഎച്ച്.ഡി. എടുത്തവരാകണം. മികച്ച പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരിക്കണം. പിഎച്ച്.ഡി. തിസിസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം.

അപേക്ഷ

അപേക്ഷ ജൂൺ ഏഴിനകം http://iitgn.ac.in/research/early_career_fellowship എന്ന ലിങ്ക് വഴി നൽകാം. അപേക്ഷയുടെ ഭാഗമായി, ഏർപ്പെടാനുദ്ദേശിക്കുന്ന ഗവേഷണ മേഖലയും പ്രവർത്തനവും വിശദമാക്കുന്ന ഒരു റിസർച്ച് പ്രൊപ്പോസൽ, ഐ.ഐ. ടി.യിലെ ഒരു ഫാക്കൽറ്റിയുടെ സഹകരണത്തോടെ തയ്യാറാക്കണം. ഗാന്ധിനഗർ  ഐ.ഐ.ടി.യിൽനിന്നും ഗവേഷണം പൂർത്തിയാക്കിയവർക്ക് അവരുടെ ഗവേഷണ ഗൈഡ് അല്ലാതെ മറ്റൊരു ഫാക്കൽട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കാം. ഫെലോഷിപ്പുമായി ബന്ധപ്പെട്ട വ്യക്തിഗത കുറിപ്പ്, മൂന്ന് റഫറികളുടെ വിവരങ്ങൾ എന്നിവയും നൽകണം. ഏതു ഡിസിപ്ലിൻ വേണമെങ്കിലും തിരഞ്ഞെടുക്കാം. ഒരപേക്ഷയേ നൽകാവൂ.

അവസരങ്ങൾ

:ഒരു വിഷയത്തിലെ ഗവേഷണത്തിൽ സ്ഥാപനത്തിലെ ഒരു ഫാക്കൽറ്റിയുമൊത്ത് പ്രവർത്തിക്കാം. ഗവേഷണ പ്രസിദ്ധീകരണങ്ങളിലൂ​ടെ ആ മേഖലയിൽ സംഭാവനകൾ നൽകാം. കൊളാബറേറ്റീവ് റിസർച്ച്, സ്റ്റുഡൻറ്് മെൻററിങ്, എക്‌സ്റ്റേണൽ ഗ്രാൻറ്് റൈറ്റിങ്, സ്വയംസംരംഭകത്വ പ്രവർത്തനങ്ങൾ, ട്രാൻസ്ഫർമേറ്റീവ് പ്രോജക്ട്സ് ആൻഡ് മിഷൻ, അന്താരാഷ്ട്ര വർക്‌ഷോപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും അവസരമുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന ഡിപ്പാർട്ടുമെൻറിനു പുറമേ സ്ഥാപനത്തിലെ എല്ലാ ഗവേഷണ സംവിധാനവും പ്രയോജനപ്പെടുത്താം.