# ഡോ. എസ്. രാജൂകൃഷ്ണൻ
ആർട്സ്, ഡിസൈൻ മേഖലകളിൽ യൂണിവേഴ്സിറ്റ് ഓഫ് ദി ആർട്സ് ലണ്ടനി (യു.എ.എൽ.) ൽ മാസ്റ്റേഴ്സ് പ്രോഗ്രാം സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം.

കോഴ്സുകൾ
ഫുൾ ടൈം ആയോ പാർട് ടൈം ആയോ പഠിപ്പിക്കുന്ന ഗ്രാേജ്വറ്റ് ഡിപ്ലോമ, എം.ആർക്ക്., എം.എ., എം.ബി.എ., എം.എഫ്‌.എ., എം.റസ്, എം.എസ്‌സി. എന്നിവയിലൊന്നാകാം പ്രോഗ്രാം. 2021-2022-ൽ തുടങ്ങുന്ന പ്രോഗ്രാം യു.എ.എലിലെ തിരഞ്ഞെടുത്ത ആറ് കോളേജുകളിൽ ഒന്നിൽ ആയിരിക്കണം. പ്രവേശനത്തിനുള്ള ഒരു ഓഫർ അപേക്ഷാർഥിക്ക് ഉണ്ടായിരിക്കണം.

മേഖലകൾ
3 ഡി ഡിസൈൻ ആൻഡ് പ്രൊഡക്ട് ഡിസൈൻ, ആർക്കിടെക്‌ച്ചർ സ്പേഷ്യൽ ആൻഡ് ഇൻറീരിയർ ഡിസൈൻ, ക്രിയേറ്റിവ് കംപ്യൂട്ടിങ്, ഫൈൻ ആർട്ട്, ഇലസ്ട്രേഷൻ, ഫോട്ടോഗ്രഫി, ടെക്‌സ്റ്റെൽസ് ആൻഡ് മെറ്റീരിയൽസ്‌, ജേണലിസം പി.ആർ. മീഡിയ ആൻഡ് പബ്ലിഷിങ്, ബിസിനസ്  മാനേജ്മെന്റ്‌ ആൻഡ് സയൻസ് തുടങ്ങിയവ.

യോഗ്യത
അണ്ടർ ഗ്രാേജ്വറ്റ് തലത്തിൽ കുറഞ്ഞത് അപ്പർ സെക്കൻഡ്‌ ക്ലാസ് ഓണേഴ്സ് ബിരുദം ഉണ്ടായിരിക്കണം. അതു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നവർക്കും അംഗീകരിക്കപ്പെട്ട തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. യോഗ്യത തെളിയിക്കാൻ ട്രാൻസ്ക്രിപ്റ്റ് നൽകണം. അപേക്ഷയുടെ ഭാഗമായി ഒരു പഴ്സണൽ സ്റ്റേറ്റ്മെൻറ് - നിശ്ചിത ചോദ്യങ്ങൾക്ക് മറുപടി എന്ന രീതിയിൽ - നൽകേണ്ടതുണ്ട്. ഒരു അക്കാദമിക്/ പ്രൊഫഷണൽ റഫറിയുടെ തൃപ്തികരമായ ഒരു പഴ്സണൽ റഫറൻസ് ഇംഗ്ലീഷിൽ അപേക്ഷയിൽ ഉൾപ്പെടുത്തണം.   

2021 സെപ്‌റ്റംബർ/ഒക്ടോബർ മാസത്തിൽ തുടങ്ങുന്ന പ്രോഗ്രാമുകൾക്ക് 2021 ജൂൺ 18 വരെയും 2022 ജനവരിയിൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് 2021 ഒക്ടോബർ 15 വരെയും അപേക്ഷിക്കാം.
അഡ്മിഷൻ ഓഫർ ലഭിച്ചുകഴിഞ്ഞാൽ അപേക്ഷാർഥിയുടെ ‘മെ ഫണ്ടിങ്’ പേജിൽ അർഹതയുള്ള എല്ലാ  സ്കോളർഷിപ്പുകളെയും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കും. സ്കോളർഷിപ്പ് അപേക്ഷയിൻമേലുള്ള അന്തിമ തീരുമാനം, ഇ-മെയിൽ വഴി അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക്:  https://www.arts.ac.uk/study-at-ual/fees-and-funding -  ൽ postgraduate -  funding > International students ലിങ്കുകൾ കാണണം.

സ്കോളർഷിപ്പ്
5000 പൗണ്ട് (ഏകദേശം 5,20,000 രൂപ) ആണ് ട്യൂഷൻ ഫീസ് ഒഴിവാക്കൽ പദ്ധതിയിൽ സ്കോളർഷിപ്പായി ലഭിക്കുക.
യു.എ.എൽ.-പി.ജി. പ്രവേശന അപേക്ഷ https://www.arts.ac.uk/study-at-ual/apply/postgraduate - ൽ ഉള്ള മാർഗനിർദേശം/ലിങ്ക് വഴി നൽകാം. ലഭ്യമായ പ്രോഗ്രാമുകൾ, കോളേജുകൾ എന്നിവ ഈ ലിങ്കിൽ ലഭിക്കും.


വിദ്യാർഥികൾക്ക് ‘ടെക്നോത്ത്‌ലൺ’ മത്സരം

:വിദ്യാർഥികളുടെ യുക്തിവിചാരശേഷി, അപഗ്രഥനശേഷി, വിമർശനബുദ്ധി എന്നിവ വിലയിരുത്തുന്ന ഒരു മത്സരം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഗുവാഹാട്ടിയിലെ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘ടെക്നോത്ത്‌ലൺ’ എന്ന മത്സരത്തിലേക്ക് സ്കൂൾ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

മത്സരം രണ്ടു വിഭാഗങ്ങളിലാണ്. 9, 10 ക്ലാസ് വിദ്യാർഥികൾ ജൂനിയർ വിഭാഗത്തിലും 11, 12 ക്ലാസ് വിദ്യാർഥികൾക്ക് ഹോട്സ്‌ വിഭാഗത്തിലും. 2021 ജൂലായിലെ ക്ലാസാണ് ഇതിനായി പരിഗണിക്കുന്നത്. മത്സരം രണ്ടു ഘട്ടമായി നടത്തും. ഈ വർഷം പ്രിലിംസ് മത്സരം ഓൺലൈൻ രീതിയിൽ നടത്തും. രണ്ടരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് മാത്തമാറ്റിക്സ്, പസിലുകൾ, കോഡ് ക്രഞ്ചേഴ്സ് തുടങ്ങിയ ഭാഗങ്ങൾ ഉണ്ടാകും. പ്രിലിംസിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മെയിൻ മത്സരത്തിൽ പങ്കെടുക്കാം.

ഈ ഘട്ടം, ഇവന്റ്‌ അധിഷ്ഠിത മത്സരം ആയിരിക്കും. ഐ.ഐ.ടി. ടെക്നോ മാനേജ്മൻ്റ് ഫെസ്റ്റിവലായ ‘ടെക്നീഷേ’ യോടനുബന്ധിച്ചാണ് സാധാരണ ഗതിയിൽ മെയിൻസ് മത്സരം നടത്തുന്നത്. ഇന്നൊവേഷൻ, ക്രിയേറ്റിവിറ്റി, ഇമാജിനേഷൻ എന്നിവ ഈ ഘട്ടത്തിൽ വിലയിരുത്തും. https://technothlon.techniche.org.in


ഏറിയാൽ ഇനിയെന്താണ് സംഭവിക്കുക

ദേബശിഷ്‌ ചാറ്റർജി
from the desk of IIM(K) Director
vijayamanthrammbi@gmail.com

ഭയം നമ്മളെ വലയ്ക്കുന്ന ഒന്നാണ്. അതേസമയം നല്ലൊരു സുഹൃത്തുമാണ്. കൃത്യത്തിന്റെ അനന്തരഫലത്തെയാണ് പലപ്പോഴും നമ്മൾ ഭയക്കുന്നത്. ചിലപ്പോഴെങ്കിലും ആ അനന്തരഫലത്തെക്കാൾ മോശമായിരിക്കും ഭയം വിതയ്ക്കുന്ന നാശം. ഭയം ഒരു സൂചകവുമാണ്. നമ്മളോട് അതു ചെയ്യരുതെന്നു പറയുന്നതു ഭയമാണ്. പലപ്പോഴും എന്തു ചെയ്യണമെന്നു പറയുന്നതും ഭയമാണ്.

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫലങ്ങളുളവായ നിമിഷങ്ങൾ, ഏറ്റവും ആസ്വാദ്യകരമായ സംഭവങ്ങൾ, ഒക്കെയും ഉണ്ടായത് ലളിതമായ ഒരു ചോദ്യത്തിൽ നിന്നാണെന്നു പറയുന്നുണ്ട് അമേരിക്കൻ നിക്ഷേപകനും ബിസിനസ്സുകാരനും എഴുത്തുകാരനും ഒക്കെയായ ടിം ഫെറിസ്.

ഏറിയാൽ ഇനിയെന്താണ് സംഭവിക്കുക എന്ന ഒറ്റച്ചോദ്യം. ആ ചോദ്യം നമ്മെ കൃത്യമായ വിശകലനങ്ങളിലേക്കാണ് നയിക്കുക. സുന്ദരമായ നിമിഷങ്ങൾ സമ്മാനിക്കുന്നതാവട്ടെ ആ കൃത്യമായ വിശകലനങ്ങളുമാണ്. ഏറിയാൽ എന്താണ് സംഭവിക്കാൻ പോവുന്നത് എന്ന ചോദ്യം ചോദിപ്പിക്കുന്നത് ഭയമാണ്. അതുകൊണ്ട് വിചാരിക്കുന്നതുപോലെ ഭയപ്പെടേണ്ട ഒന്നല്ല ഭയം.

ഒന്നാലോചിച്ചു നോക്കൂ, കുട്ടികളായിരിക്കുമ്പോൾ നാം എന്തിനെയൊക്കെ ഭയന്നിട്ടുണ്ട്. ആ ഭയം വെച്ചുതന്നെ നാം എന്തൊക്കെ നേടിയിട്ടുണ്ട്? ഭയം ഒരിടത്തും ഒന്നും ഇല്ലാതാക്കിയിട്ടില്ല. ഗുണവും ദോഷവും നേട്ടവും അപകടവും ഒക്കെ മനോഹരമായി വിശകലനം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നത് ഭയമാണ്.  

കൃത്യമായ വിശകലനത്തിന്റെ ചട്ടക്കൂടും സ്വന്തം കഴിവുകളും പഴയ ഭയത്തിൽ ഒന്നു പ്രയോഗിച്ചുനോക്കൂ. സ്വപ്നങ്ങളുടെ പുതിയൊരു ലോകത്തേക്ക് അതു നമ്മെ നയിക്കും. രണ്ടു വഴികളിലേക്കു തിരിയുന്ന ഒരു കവലയാണ് ഭയം. ഒരു വഴി, എല്ലാം മറന്ന്‌ ഓടാനുള്ളത്. രണ്ടാമത്തെ വഴി എല്ലാം കണ്ടറിഞ്ഞു നേരിടാനുള്ളത്. തീരുമാനിക്കേണ്ടത് നമ്മളാണ്.