: ഇല്ലായ്മയുടെയും വല്ലായ്മയുടെയും നടുവിൽനിന്ന്‌ കൃത്യമായ മാർഗനിർദേശങ്ങൾക്കുകൂടി ആരുമില്ലാതെ ഒഴുക്കിൽപ്പെട്ട തേങ്ങപോലെ, ഒടുവിൽ കല്പവൃക്ഷമായ കഥ രഞ്ജിത്ത് ആർ. പാണത്തൂരിന്റേതാണ്. തന്റെ കുടിലിനെ അദ്ദേഹം സ്വർഗമായിത്തന്നെ കാണുന്നു. 

കാര്യങ്ങൾ നമ്മൾ കാണുന്നതുപോലെ നല്ലതോ മോശമോ അല്ല. മാർക്കുകളല്ല, ഉന്നതമായ കഴിവുകളുമല്ല ഒരാളുടെ വിജയം നിർണയിക്കുന്നത്. അടങ്ങാത്ത അഭിനിവേശമാണ്. പിന്നെ സ്ഥിരോത്സാഹവും. ഇതു രണ്ടുമുണ്ടെങ്കിൽ വിജയം നമ്മുടേതാകാതിരിക്കാൻ മാർഗമില്ലെന്നതാണ് സത്യം. എന്തിനോടെങ്കിലുമുള്ള അഭിനിവേശം എല്ലാവരിലും ഉള്ളതാണ്, ഉണ്ടാവേണ്ടതാണ്. അതു മറ്റൊരാൾക്ക് കണ്ടെത്തിക്കൊടുക്കുക സാധ്യമല്ല. കാഴ്ചയില്ലാത്തൊരാളെ വെളിച്ചത്തെപ്പറ്റി പറഞ്ഞുമനസ്സിലാക്കുന്നതുപോലെ നിഷ്ഫലമാണത്. 

കേരളത്തിലെ കൊച്ചുകുടിലിൽനിന്ന് പ്രശസ്തമായ ഐ.ഐ.എമ്മുകളൊന്നിൽ അസിസ്റ്റന്റ് പ്രൊഫസറായി ഉയർന്ന യുവാവിന്റെ ജീവിതം ദുരിതപർവങ്ങളുടെ മലവെള്ളപ്പാച്ചിലിനും കെടുത്താനാവാത്ത അഭിനിവേശത്തിന്റെ, അചഞ്ചലമായ ലക്ഷ്യത്തിൽ നിലകൊള്ളാനുള്ള ദൃഢചിത്തതയുടെ തെളിവാണ്. അങ്ങനെയുള്ള പ്രതിഭകളുടെ തളർച്ചയിൽ താങ്ങാവുന്ന ഒരു നല്ലവാക്ക് ഒരു പ്രൊപ്പല്ലറാവും. അധ്യാപകരുടെ റോൾ അതാണ്. വലിയ ലക്ഷ്യത്തിലേക്കുള്ള, വിദ്യാർഥികളുടെ നക്ഷത്രക്കുതിപ്പിന് കരുത്തേകുന്ന പ്രൊപ്പല്ലറുകളാവാൻ അവർക്കു കഴിയണം. അവർ ലോകത്തെ മാറ്റട്ടെ, കൂടുതൽ സുന്ദരമാക്കട്ടെ. 

‘ഒരുപക്ഷേ, തലയ്ക്കുമുകളിൽ ഇടിഞ്ഞുവീഴാറായ ഉത്തരമുണ്ടായിരിക്കാം, നാലു ചുറ്റിനും ഇടിഞ്ഞുവീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം. എന്നാലും ആകാശത്തോളം സ്വപ്നംകാണുക... ഒരുനാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരത്തെത്താം’. 

ആരെയും പ്രചോദിപ്പിക്കുന്നതാണ് ആ വാക്കുകൾ. ലോകത്ത് സമ്പത്തുമാത്രമേ അസന്തുലിതമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ളൂ. സമയം ഏവർക്കും തുല്യമായി കാലം വീതിച്ചിട്ടുണ്ട്– 24 മണിക്കൂർ. ഓരോ നിമിഷത്തിനും തീപിടിച്ച വിലയും.